തിരുവനന്തപുരം:നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേൽപ്പാലം വരുന്നു.75 കോടി രൂപ ചെലവ് കണക്കാക്കുന്ന മേല്‍പ്പാലത്തിന്റെ പദ്ധതിരേഖയ്ക്ക് സർക്കാർ അനുമതി നല്‍കി.
അനുമതി ലഭിച്ചതിനു പിന്നാലെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.പദ്ധതി രേഖ പ്രകാരം 9 സ്പാനുകളുള്ള നാലുവരി മേല്‍പ്പാലമാണ് നിര്‍മിക്കുക. 25 മീറ്ററാണ് ദൂരം. ചാക്ക മേല്‍പ്പാലത്തില്‍ നിന്ന് ആരംഭിച്ച് മുട്ടത്തറയില്‍ ബന്ധിപ്പിക്കുന്ന വിധത്തിലായിരിക്കും നിര്‍മാണം. നിലവില്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രധാന മേഖലയാണിത്. പാലം വരുന്നതോടെ ഇതിന് അറുതിയുണ്ടാകും.
കഴക്കൂട്ടം-മുക്കോല എന്‍.എച്ച് ജംഗ്ഷന്‍, കിഴക്കേക്കോട്ട, വള്ളക്കടവ്, അട്ടക്കുളങ്ങര, പേട്ട എന്നിവിടങ്ങളില്‍ നിന്ന് വരുന്ന റോഡുകളുടെ പ്രധാന ജംഗ്ഷനാണിത്. കോവളം, ശംഖുമുഖം, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് നഗരമധ്യത്തിലേക്കുള്ള യാത്രയും ഇതോടെ വേഗത്തിലാകും.