Movie

ജീത്തു ജോസഫ്- മോഹൻലാൽ ടീമിൻ്റെ ‘നേര്’ തിരുവനന്തപുരത്ത് ആരംഭിച്ചു

പൊന്നിൻചിങ്ങം തുടങ്ങിയ ആഗസ്റ്റ് 17 വ്യാഴാഴ്‌ച്ച തലസ്ഥാന നഗരിയിൽ ഒരു പുതിയ മോഹൻലാൽ സിനിമയുടെ ചിത്രീകരണം തുടങ്ങി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’എന്ന ചിത്രമാണ് വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന ചടങ്ങോടെ ആരംഭിച്ചത്.

മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്ന ചടങ്ങിൽ തിരുവനന്തപുരത്തെ ലാലിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു.
ജീത്തു ജോസഫും, ലിൻ്റാ ജീത്തുവും ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമായത്
പിന്നീട് ചലച്ചിത്ര  പ്രവർത്തകരും അണിയറ പ്രവർത്തകരും ചടങ്ങ് പൂർത്തീകരിച്ചു.
ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും എം.രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണത്തിന് ആരംഭം കുറിച്ചു.
അശോക് കുമാർ, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാർ, കിരീടം ഉണ്ണി, സറിൽ കുമാർ, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രഘു ചന്ദ്രൻ നായർ, മണിക്കുട്ടൻ, ജഗദീഷ് എന്നിവർ ആശംസകൾ നേർന്നു.
ജീത്തു ജോസഫ് ആമുഖ പ്രസംഗവും, ആൻ്റണി പെരുമ്പാവൂർ നന്ദിയും പറഞ്ഞു.
നല്ലൊരു ഇടവേളക്കുശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്ത് ഒരു ചിത്രീകരണത്തിനായി എത്തുന്നത്. അതിൻ്റെ സന്തോഷം ചലച്ചിത്ര പ്രവർത്തകർ പങ്കുവച്ചു.

ആശിർവ്വാദിൻ്റെ 33-ാമത്തെ ചിത്രമാണിതെന്ന് ആൻ്റണി തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ആശിർവ്വാദിൻ്റെ അഞ്ചാമത്തെ സിനിമയും മോഹൻലാലുമായി ചേർന്നുളള നാലാമത്തെ ചിത്രവുമാണിതെന്ന് ജീത്തു ജോസഫും വ്യക്തമാക്കി.

കേടതിയും, നിയമയുദ്ധവുമൊക്കെ കോർത്തിണക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ് ഈ ചിത്രം. കോടതി നടപടികൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. കഥാഗതിയിൽ നിരവധി പുതുമകളും വഴിത്തിരിവും നിറഞ്ഞ ഒരു ചിത്രം.

മോഹൻലാലിനു പുറമേ പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദീഖ്, നന്ദു, ശ്രീധന്യ, മാത്യു വർഗീസ്, കലേഷ്, ശാന്തി മായാദേവി, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ, ഡോ.പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സ്യഅണിനിരക്കുന്നു.

ശാന്തി മായാദേവി പുതിയ തിരക്കഥാകൃത്ത്

ഒരു പുതിയ തിരക്കഥാകൃത്തിനേക്കൂടി ജീത്തു ജോസഫ് പരിചയപ്പെടുത്തുന്നു.
ശാന്തി മായാദേവി. വക്കീലായ ശാന്തി മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വനിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തെത്തി. തുടർന്ന് ദൃശ്യം 2, നാലാംമുറ, ചിത്രീകരണം നടന്നു വരുന്ന റാം എന്നീ ചിത്രങ്ങളിലും അഭിനയിക്കുന്ന ശാന്തി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നേര് എന്ന ചിത്രത്തിലൂടെ തിരക്കഥാ രംഗത്തു കൂടി കടക്കുകയാണ് ശാന്തി.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.
സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും, വി.എസ് വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു. .
ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- സോണി.ജി.സോളമൻ. എസ്.എ.ഭാസ്ക്കരൻ ,അമരേഷ് കുമാർ.
പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ- ബന്നറ്റ്.എം.വർഗീസ്.

Back to top button
error: