പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് നമുക്ക് നിത്യവും വീട്ടില്‍ ആവശ്യമായ ഭക്ഷണത്തിന് അധിക ചേരുവകളും, അല്ലെങ്കില്‍ ഭക്ഷണസാധനങ്ങള്‍ തന്നെ മിക്കതും നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ മറ്റ് കടകളില്‍ നിന്ന് വാങ്ങുക തന്നെയാണ് ചെയ്യുന്നത്. അധികയാളുകളും അശ്രദ്ധമായാണ് ഇങ്ങനെ ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാറ് എന്നതും ഒരു സത്യമാണ്.
എന്നാല്‍ പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ അശ്രദ്ധ നല്ലതല്ല. കാരണം ഇവ നമ്മുടെ ആവശ്യത്തിന് ഉപകരിക്കുമോ, അല്ലെങ്കില്‍ എന്താണ് ഗുണമേന്മ, എത്രയാണ് അളവ് എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും ഫുഡ് ലേബലില്‍- അഥവാ പാക്കറ്റിനോ കുപ്പിക്കോ പുറത്തുണ്ടായിരിക്കും. ഇതിലൂടെ ഒന്ന് കണ്ണോടിക്കുകയെങ്കിലും ചെയ്യുന്നത് നല്ലതായിരിക്കും. അല്ലാത്തപക്ഷം പിന്നീട് ഇക്കാര്യത്തില്‍ പശ്ചാത്തപിക്കേണ്ടി വരാം. എന്തായാലും ഇങ്ങനെ ഫുഡ് ലേബലില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഒന്നറിയാം. ഇവ നിര്‍ബന്ധമായും ഫുഡ് ലേബലില്‍ ഉണ്ടായിരിക്കുകയും വേണം. ഇല്ലാത്തപക്ഷം നിങ്ങള്‍ക്ക് പരാതിപ്പെടാവുന്നതുമാണ്.
ഒന്ന്…
എന്താണ് ഉത്പന്നം എന്നത് മനസിലാക്കാൻ സഹായിക്കുന്ന ഒരു ചെറിയ വിശദീകരണം പാക്കറ്റുകളിലോ കുപ്പികളിലോ ഉണ്ടാകും. ഉദാഹരണത്തിന് ചീസ് ആണെങ്കില്‍ അത് എന്ത് ചീസ് ആണ്, മറ്റെന്തെങ്കിലും ചേര്‍ത്തിട്ടുണ്ടോ, ഫ്ളേവറുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളുണ്ടാകും. പലരും പല ഉത്പന്നങ്ങളും വാങ്ങിക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതെ പോകും. പിന്നീട് വീട്ടിലെത്തിക്കഴിഞ്ഞ് ആ ഫ്ളേവര്‍ ഇഷ്ടമല്ല- അത് കൊള്ളില്ല എന്നൊക്കെ പറഞ്ഞ് ഉപയോഗിക്കാതിരിക്കാറുണ്ട്. ഈ നഷ്ടം ഒഴിവാക്കാൻ ആദ്യമേ ഇത് ശ്രദ്ധിക്കണം.
രണ്ട്…
എന്ത് ഉത്പന്നം വാങ്ങിക്കുമ്പോഴും അതിന്‍റെ അളവും പ്രത്യേകം നോക്കുക. നമുക്ക് ആവശ്യമുള്ള അത്രയും സാധനം മാത്രം വാങ്ങിക്കാൻ ശ്രമിക്കുക. ഇത് നഷ്ടമൊഴിവാക്കും. പ്രത്യേകിച്ച് പെട്ടെന്ന് ചീത്തയാകുന്ന ഉത്പന്നങ്ങളാണെങ്കില്‍. അളവ് പാക്കറ്റില്‍ കാണിക്കുന്നില്ലെങ്കില്‍ അത് പരാതിപ്പെടാവുന്ന വിഷയമാണ്.
മൂന്ന്…
ഭക്ഷണസാധനങ്ങളുടെ കാലാവധി അല്ലെങ്കില്‍ എക്സ്പെയറി ഡേറ്റ് ആണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇതും പാക്കറ്റിലോ കുപ്പിയിലോ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
നാല്…
ആരാണ് ഉത്പന്നത്തിന്‍റെ നിര്‍മ്മാതാക്കള്‍- അഥവാ ബ്രാൻഡ്/ കമ്പനി, അതിന്‍റെ വിശദാംശങ്ങള്‍ എന്നിവയും പാക്കറ്റിലോ കുപ്പിയിലോ ഉണ്ടായിരിക്കണം. ഇതും ശ്രദ്ധിക്കുന്നത് നല്ലതാണ്. വിശ്വസ്തമായ ബ്രാൻഡുകളുടെ ഉത്പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് ഭക്ഷണത്തെ ചൊല്ലിയുള്ള ആശങ്ക കുറയ്ക്കും.
അഞ്ച്…
ഏത് ഉത്പന്നമായാലും അതില്‍ എന്തെല്ലാം ചേര്‍ത്തിട്ടുണ്ട്, എത്ര പോഷകങ്ങള്‍- എത്ര അളവിലുണ്ട് എന്നതെല്ലാം ഫുഡ് ലോബലിലുണ്ടായിരിക്കണം. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. കാരണം ചില ചേരുവകള്‍ ചിലര്‍ക്ക് അലര്‍ജി പോലുള്ള പ്രശ്നങ്ങളുണ്ടാക്കാം. ഇതൊന്നും നോക്കാതെ വാങ്ങി, ഉപയോഗിച്ചാല്‍ അത് ആരോഗ്യത്തിന് ബുദ്ധിമുട്ടായിരിക്കുമല്ലോ. അതുപോലെ കഴിക്കുന്ന ഭക്ഷണസാധനങ്ങളിലോ പോഷകങ്ങളുടെ വിശദാംശങ്ങള്‍- അളവ് എന്നിവയും നാം അറിഞ്ഞിരിക്കണം.