ചെന്നൈ: നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം സാധാരണ വന്‍ ചിത്രങ്ങള്‍ കളക്ഷനില്‍ പിന്നോട്ട് പോകാറുള്ള തിങ്കാളാഴ്ച പോലും ഗംഭീര കളക്ഷനുണ്ടാക്കി 300 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന് എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തില്‍ മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങിയിരുന്നു.
രമ്യകൃഷ്ണന്‍, തമന്ന, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.
എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചും സൂചനകള്‍ വന്ന് തുടങ്ങി. ചിത്രം 28 ദിവസത്തെ തീയറ്റര്‍ റണ്ണിന് ശേഷം സെപ്തംബര്‍ 6,7 തീയതികളില്‍ ഒടിടിയില്‍ വന്നേക്കും എന്നാണ് സൂചന. എന്നാല്‍ തീയറ്റര്‍ എക്സ്പീരിയന്‍സ് പടം എന്ന നിലയില്‍ ചിലപ്പോള്‍ ചിത്രത്തിന് കൂടുതല്‍ തീയറ്റര്‍ റണ്‍ ലഭിക്കാനും സാധ്യതയുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
എന്തായാലും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സിന്‍റെ ഒടിടി പ്ലാറ്റ്ഫോമായ സണ്‍ നെക്സ്റ്റില്‍ ആയിരിക്കും ചിത്രം ഒടിടി റിലീസാകുക എന്നാണ് റിപ്പോര്‍ട്ട്. അതിനൊപ്പം കഴിഞ്ഞ തവണ ബീസ്റ്റ് റിലീസ് ചെയ്തപോലെ സണ്‍ നെക്സ്റ്റിനൊപ്പം നെറ്റ്ഫ്ലിക്സ് പോലെയുള്ള മറ്റൊരു പ്ലാറ്റ്ഫോമില്‍ കൂടി റിലീസ് ഉണ്ടാകുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. ചിത്രം വന്‍ വിജയമായതിനാല്‍ മറ്റ് പ്ലാറ്റ്ഫോമുകള്‍ ഇത്തരം ഡീലുകള്‍ക്ക് ശ്രമം നടത്തുന്നുണ്ടാകാം എന്നും സിനിമ രംഗത്ത് സംസാരമുണ്ട്.