അങ്ങനെയല്ല, ദാ ഇങ്ങനെ… ആനക്കുട്ടിയെ നേരെ നിൽക്കാൻ പഠിപ്പിക്കുന്ന അമ്മയാനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നു
എല്ലാ കുഞ്ഞുങ്ങളെയും പോലെ തന്നെ ആനക്കുട്ടികൾക്കും വളരെ ചെറുതായിരിക്കുന്ന ഘട്ടത്തിൽ അമ്മയുടെ കരുതലും പരിചരണവും സഹായവും ഒക്കെ ആവശ്യമാണ്. അതുപോലെ തന്നെ ആ സമയത്ത് അമ്മയാനകളും തങ്ങളുടെ കുട്ടികളെ വളരെ അധികം ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. എങ്ങനെയാണ് നിൽക്കേണ്ടത്, എങ്ങനെയാണ് നടക്കേണ്ടത്, എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത്, എങ്ങനെയാണ് സ്വയം സംരക്ഷിക്കേണ്ടത്, കാട്ടിൽ എങ്ങനെ എല്ലാത്തിനോടും പരിചയപ്പെടാം എന്നതെല്ലാം അമ്മയാനകൾ കുട്ടികളെ പഠിപ്പിക്കുന്നു. അതുപോലെ ഒരു ആനക്കുട്ടിയെ നേരെ നിൽക്കാൻ പഠിപ്പിക്കുന്ന ഒരു അമ്മയാനയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
Latest Sightings എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാവുന്ന ഈ കാഴ്ച പകർത്തിയിരിക്കുന്നത് ബ്രെറ്റ് മാർനെവെക്ക് എന്ന പരിചയസമ്പന്നനായ ഒരു ഫീൽഡ് ഗൈഡാണ്. അമ്മയാന പ്രസവിച്ച് അധികം വൈകാതെയായിരുന്നു വീഡിയോ പകർത്തിയിരിക്കുന്നത്. ബ്രെറ്റ് പറയുന്നത് അമ്മയാനയെ ബുദ്ധിമുട്ടിക്കാതെ ദൂരെ നിന്നാണ് താനാ രംഗം വീക്ഷിച്ചത് എന്നാണ്.
പുൽമേടിൽ ആനക്കുട്ടി കിടക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. എഴുന്നേൽക്കാൻ എത്രതന്നെ ശ്രമിച്ചിട്ടും ഓരോ തവണയും ആനക്കുട്ടി പരാജയപ്പെട്ട് കൊണ്ടിരുന്നു. കുട്ടിയുടെ ഈ കഠിനമായ പരിശ്രമം കണ്ട് അമ്മയാന അതിന് അടുത്തേക്ക് വരികയും കാലും തുമ്പിക്കയ്യും ഒക്കെ ഉപയോഗിച്ച് കൊണ്ട് അതിനെ തട്ടി എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അവസാനം എങ്ങനെയൊക്കെയോ കുട്ടിയാനയെ നിർത്താൻ അവൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ കൂടിയും ഒരിക്കൽ കൂടി ആനക്കുട്ടി താഴേക്ക് വീണുപോയി. അമ്മയാന ഇടയ്ക്കിടെ പിന്നോട്ട് മാറുന്നതും വിവിധ വികാരങ്ങൾ മാറിമാറി പ്രകടിപ്പിക്കുന്നതും വിലയിരുത്തി ബ്രെറ്റ് പറഞ്ഞത് അവൾ ആദ്യമായിട്ടായിരിക്കും ഒരു കുട്ടിക്ക് ജന്മം നൽകുന്നത് എന്നായിരുന്നു. ഏതായാലും, നിരവധിപ്പേരാണ് വീഡിയോ കണ്ടതും അതിന് കമന്റുകൾ നൽകിയതും.