IndiaNEWS

തിരുപ്പതിയില്‍ ആറു വയസുകാരിയെ പിടിച്ച പുലി കെണിയിലായി: തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

അമരാവതി: തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ആറ് വയസുകാരിയെ കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയില്‍ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പുലി കടിച്ചുകൊന്നുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ആക്രമണം നടത്തിയത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. കൂട്ടില്‍ പുലി കുടുങ്ങിയതോടെ കുട്ടിയെ ആക്രമിച്ചത് പുലിയാണ് എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ലക്ഷിതയുടെ മരണത്തിനു പിന്നാലെ തിരുപ്പതിയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

Signature-ad

15 വയസിനു താഴെ പ്രായമുള്ള കുട്ടികളുമായി എത്തുന്ന തീര്‍ത്ഥാടകരെ പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. വൈകിട്ട് ആറ് മണി മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ ടൂവിലര്‍കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാര്‍ഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക് മല കയറാന്‍ ആരെയും അനുവദിക്കില്ല.

കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയില്‍ വെച്ച് അച്ഛനമ്മമാര്‍ക്കൊപ്പം നടക്കുന്നതിനിടെയാണ് ലക്ഷിത ആക്രമിക്കപ്പെട്ടത്. ലക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. പൊലീസെത്തിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.

 

Back to top button
error: