KeralaNEWS

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എൽഡിഎഫിന് ഒരു എതിരാളിയെ അല്ല; പക്ഷേ മത്സരിക്കേണ്ടത്  ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളോടു കൂടിയാണ് 

കോട്ടയം:സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന 45-ാമത് ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ എട്ട് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമാണ് വിജയിച്ചത്.
ഇടതുപക്ഷത്തിന്റെ ഒരു സിറ്റിംഗ് സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളില്‍ എല്‍ഡിഎഫായിരുന്നു വിജയം.യുഡിഎഫിൽ നിന്നും നേടിയെടുത്ത കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍   നിലനിര്‍ത്തുകയും പരാജയപ്പെട്ട അരൂര്‍ ഇടതുപക്ഷം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം  നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് പുതുപ്പള്ളി വേദിയാകുന്നത്. തൃക്കാക്കരയിൽ നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു വിജയം.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതല്‍ നടന്ന 12 തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുത്തതാണ് പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്രം. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ എംഎല്‍എയായിരുന്നു. സംസ്ഥാനചരിത്രത്തില്‍ ഏറ്റവും ദീര്‍ഘമായ കാലയളവില്‍ ഒരേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്ന നേതാവ് എന്ന ബഹുമതിയും ഉമ്മന്‍ ചാണ്ടിയുടേതാണ്.
ആദ്യമായി പുതുപ്പള്ളി ഒരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി തന്നെയാവും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് അജണ്ടകളെ സ്വാധീനിക്കുന്ന അദൃശ്യ സാന്നിധ്യം. കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തെ പരമാവധി ദൃശ്യപരമാക്കുമ്പോള്‍ രാഷ്ട്രീയമായി അതിനെ മറികടക്കാന്‍ സിപിഐഎമ്മിന് കഴിയുമോ എന്നത് പുതുപ്പള്ളിയില്‍ നിര്‍ണ്ണായകമാണ്.നിലവില്‍ പുതുപ്പള്ളി മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളില്‍ ആറിലും ഭരണം ഇടതുപക്ഷത്തിനൊപ്പമാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സാന്നിധ്യവും ഇടതുപക്ഷത്തിന് ഗുണകരമാണ്. ഈ ഘടകങ്ങളെല്ലാമാണ് 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ ഇടിവ് വരുത്തിയതും.ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സഹതാപതരംഗത്തെ അതിജീവിക്കാന്‍ ഇടതുപക്ഷം അനുകൂലമായി കാണുന്ന ഏക രാഷ്ട്രീയമേല്‍ക്കൈയും ഇത് മാത്രമാണ്.
എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന് കീഴിലുള്ളത്. വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണർകാട്, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം എന്നിവയാണ് പഞ്ചായത്തുകള്‍. ഇതില്‍ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. അകലകുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം എന്നീ ആറ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ഭരണത്തിലുള്ളത്.എന്നാൽ
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍  ഈ ഘടകങ്ങളെല്ലാം ഇതേ നിലയില്‍ തന്നെ പ്രതിഫലിക്കുമെന്ന് ഇടതുപക്ഷം പോലും പ്രതീക്ഷിക്കുന്നുണ്ടാകില്ല.ഇത്തവണ പുതുപ്പള്ളിയില്‍ ഇടതുപക്ഷത്തിന് മത്സരിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളോടു കൂടിയാണ് എന്നതു തന്നെയാണ് അതിന് കാരണവും !

Back to top button
error: