മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ കൊന്ന് നദിയില്‍ വലിച്ചെറിഞ്ഞ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നാഗ്പുര്‍ സ്വദേശിയും ബിജെപി ന്യൂന പക്ഷ സെല്‍ അംഗവുമായ സന ഖാനെ കൊന്ന കേസിലാണ് ഭര്‍ത്താവ് അമിത് സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അമിത് സാഹു കുറ്റം സമ്മതിച്ചതായും ജബല്‍പൂരിലെ ഘോരാ ബസാറില്‍ നിന്നും ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കൊലപാതകത്തിനുശേഷം മൃതദേഹം അടുത്തുളള നദിയിലേക്ക് എറിഞ്ഞതായും സാഹു പോലീസിനോട് പറഞ്ഞു. എന്നാല്‍, ഇതുവരെയായിട്ടും മൃതദേഹം കണ്ടെത്തിയിട്ടില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം. സനയെ കാണാതായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് അമിത് സാഹുവിനെ അറസ്റ്റ് ചെയ്തത്.
ജബല്‍പൂര്‍ സന്ദര്‍ശനത്തിനുശേഷമാണ് സന ഖാനെ കാണാതായത്. സ്വകാര്യബസില്‍ ജബല്‍പൂരിലെത്തിയ സന ഖാന്‍ അമ്മയെ വിളിച്ചിരുന്നു. ഇതിനുശേഷമാണ് ഇവരെ കാണാതായത് എന്നാണ് കുടുംബത്തിന്റെ മൊഴി.കൊലപാതകത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം.