രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാര്ഡിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊച്ചിൻ ഷിപ്പ്യാര്ഡിന്റെ 3 ശതമാനം ഓഹരികളാണ് വില്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ ആയിരിക്കും ഓഹരി വില്‍പ്പന നടത്താൻ സാധ്യത. നിലവില്‍, കൊച്ചിൻ ഷിപ്പ്യാര്ഡില് കേന്ദ്രസര്‍ക്കാറിന്റെ ഓഹരി വിഹിതം 72.86 ശതമാനമാണ്.
ഓഹരി വില്‍പ്പനയിലൂടെ 500 കോടി രൂപ മുതല്‍ 600 കോടി രൂപ വരെയാണ് സമാഹരിക്കുക. രാജ്യത്തെ മുൻനിര കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയാണ് കൊച്ചിൻ ഷിപ്പ്യാര്ഡ്. 2023-24-ലെ കേന്ദ്ര ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 51,000 കോടി രൂപ സമാഹരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിൻ ഷിപ്പ്യാര്ഡിന്റെ ഓഹരി വില്‍പ്പന. അടുത്തിടെ റെയില്‍വേയ്ക്ക് കീഴിലുള്ള റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ ലിമിറ്റഡിന്റെ 5.36 ഓഹരികള്‍ ഒ.എഫ്.എസ് വഴി വിറ്റഴിച്ചിരുന്നു.