KeralaNEWS

അപകടാവസ്ഥയിലായ കല്ല് പൊട്ടിക്കാന്‍ സര്‍ക്കാര്‍ കണക്കാക്കിയത് 4,90,000 രൂപ; സാജിതിന് വേണ്ടിവന്നത് 41,300 രൂപ!

കോട്ടയം: മലമുകളില്‍ അപകടാവസ്ഥയിലായിരുന്ന കല്ലു പൊട്ടിച്ചു നീക്കാന്‍ സര്‍ക്കാര്‍ കണക്കിട്ടത് 4,90,000 രൂപ, കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി സാജിദിനു വേണ്ടി വന്നത് വെറും 41,300 രൂപ. മൂന്നിലവ് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാളകത്ത് അപകടാവസ്ഥയില്‍ ഇരുന്ന കല്ല് പൊട്ടിച്ച് നില്‍ക്കാന്‍ പഞ്ചായത്ത് തയാറാക്കി റവന്യു വകുപ്പിനു നല്‍കിയ കരാറിലാണ് ഈ തുക. മൈനിങ് ആന്‍ഡ് ജിയോളജി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ച ശേഷമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. തുടര്‍ന്നു കരാറും വിളിച്ചു.

41,000 മുതല്‍ 3,65,000 രൂപ വരെ വിവിധ കരാറുകളും ലഭിച്ചു. ഏറ്റവും കുറഞ്ഞ തുക വച്ചത് സാജിദായിരുന്നു. ഇത്രയും കുറച്ചു തുക കണ്ട ഉദ്യോഗസ്ഥര്‍ കലക്ടര്‍ വി.വിഘ്‌നേശ്വരിയുമായി ബന്ധപ്പെട്ടു. തുടര്‍ന്നു കലക്ടറുടെ നിര്‍ദേശപ്രകാരം കരാര്‍ നല്‍കുകയായിരുന്നു. 2019 ലെ കനത്ത മഴയിലാണ് മൂന്നിലവ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വാളകത്ത് മായംകല്ലില്‍ നിന്ന് ഉരുണ്ടുവന്ന കല്ല് 7 വീടുകള്‍ക്ക് അപകട ഭീഷണിയായി നിന്നത്. ഇത് പൊട്ടിച്ചു നീക്കണമെന്നു പല പ്രാവശ്യം ആവശ്യമുയര്‍ന്നെങ്കിലും നടപ്പായില്ല.

Signature-ad

സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാതെ ഉളിയും ആപ്പും ഉപയോഗിച്ച് 4 ദിവസം കൊണ്ട് കല്ല് മുറിച്ചു അവിടെത്തന്നെ സുരക്ഷിതമായി അടുക്കി വയ്ക്കുകയും ചെയ്തു. കലക്ടറുടെ നിര്‍ദേശപ്രകാരം പാലാ ആര്‍ഡിഒ പി.ജി.രാജേന്ദ്രബാബു, മീനച്ചില്‍ തഹസില്‍ദാര്‍ കെ.എം.ജോസുകുട്ടി, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് പി.എല്‍.ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കല്ലു മുറിച്ചു മാറ്റിയത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അപകടാവസ്ഥയിലുള്ള കല്ല് ഇത്തരത്തില്‍ പൊട്ടിച്ചു നീക്കാന്‍ നടപടികള്‍ തുടങ്ങിയതായും തഹസില്‍ദാര്‍ കെ.എം.ജോസുകുട്ടി പറഞ്ഞു. പ്രളയകാലത്തു പല സ്ഥലങ്ങളും ഇത്തരത്തില്‍ കുറഞ്ഞ ചെലവില്‍ സാജിത് കല്ല് പൊട്ടിച്ചു നീക്കിയിരുന്നു.

Back to top button
error: