കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. ജെയ്ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് 2016ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത്.
നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സില്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കോട്ടയം സിഎംഎസ് കോളജില്‍ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷില്‍ ബിരുദവും നേടി.
ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. സെപ്റ്റംബര്‍ 5നാണ് വോട്ടെണ്ണല്‍. ഫലപ്രഖ്യാപനം സെപ്റ്റബര്‍ 8ന്.