”ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടം, ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല”
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റെന്ന വാര്‍ത്തയില്‍ വ്യക്തത വരുത്തി മിമിക്രി താരം വിതുര തങ്കച്ചന്‍. ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും തനിക്ക് പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലെന്നും തങ്കച്ചന്‍ അറിയിച്ചു.
”എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. സ്നേഹത്തോടെ തങ്കച്ചന്‍” – താരം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
വിതുരയിലെ വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു സ്റ്റേജ് പരിപാടിക്കായി കാറില്‍ പോകവേ കഴിഞ്ഞ ദിവസം പുലര്‍ച്ചെ തൊളിക്കോട് പതിനെട്ടാം കല്ലിനു സമീപമായിരുന്നു അപകടം. തങ്കച്ചനായിരുന്നു വാഹനം ഓടിച്ചിരുന്നത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വെട്ടിത്തിരിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണുമാന്തിയില്‍ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരുക്കേറ്റു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.