ന്യൂഡല്‍ഹി: 137 ദിവസത്തെ ഇടവേളയ്ക്കു ശേഷം പാര്‍ലമെന്റിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവ് ആഘോഷമാക്കി മാറ്റി പാര്‍ട്ടിയും ഇന്ത്യാ മുന്നണിയും. മുദ്രാവാക്യം വിളികളോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ രാഹുലിനെ വരവേറ്റത്. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയില്‍ വണങ്ങിയാണ് രാഹുല്‍ സമ്മേളനത്തിനെത്തിയത്.
ഇന്നു രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയത്. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും അനുബന്ധ രേഖകളും കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ലോക്സഭാ സെക്രട്ടേറിയറ്റിനു കൈമാറിയിരുന്നു.
രണ്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച് സൂറത്ത് കോടതി വിധി വന്നതിനു പിന്നാലെ, ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയായിരുന്നു. വിധിക്കെതിരായ അപ്പീല്‍ ജില്ലാ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹൂല്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലാ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയെങ്കിലും സുപ്രീം കോടതിയില്‍ നിന്ന് രാഹുലിന് അനുകൂല വിധി നേടാനായി.
രാഹുലിന് പരമാധി ശിക്ഷ നല്‍കിയതിനു വിചാരണക്കോടതി കാരണം കാണിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, സുപ്രീം കോടതി സ്റ്റേ അനുവദിച്ചത്. രാഹുലിന്റെ അപ്പീലിലെ അന്തിമ വിധിക്കു വിധേയമായിരിക്കും സ്റ്റേയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.വയനാട്ടില്‍നിന്നു ലോക്സഭാംഗമാണ് രാഹുല്‍.
പടക്കം പൊട്ടിച്ചും നമ്പര്‍ 10 ജന്‍പഥിന് മുന്നില്‍ ചെണ്ടയും വാദ്യമേളങ്ങളോടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഹുലിന്റെ ലോക്സഭയിലേക്കുള്ള തിരിച്ചു വരവ് ആഘോഷിച്ചു. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. ‘ഇന്ത്യ’ മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് മധുരം നല്‍കി.
തുടര്‍ന്ന് ഖാര്‍ഗെ ‘ഇന്ത്യ’ മുന്നണിയുടെ നേതാക്കള്‍ക്ക് മധുരം വിതരണം ചെയ്തു. രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള സ്പീക്കറുടെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി എസ്പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു.