IndiaNEWS

137 ദിവസത്തെ ‘വനവാസ’ത്തിനു പരിസമാപ്തി; രാഹുല്‍ വീണ്ടും സഭയിലേക്ക്, വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്. ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്‌ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചത്.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു ലോക്‌സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയ ഗൗരവ് ഗൊഗോയ്ക്കു ശേഷം രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്തുനിന്ന് പ്രസംഗിക്കുക.

Signature-ad

രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കുന്നത് സ്പീക്കര്‍ നീട്ടിയാല്‍ സുപ്രീം കോടതിയെ സമീപിച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നത് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. കൂടാതെ ലോക്സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിച്ച് പ്രതിഷേധം ഉയര്‍ത്തുന്നതും കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്നു. രാഹുലിന്റെ അംഗത്വം റദ്ദാക്കുന്നതിന് എടുത്തവേഗം, അംഗത്വം പുനഃസ്ഥാപിക്കുന്നതിനും വേണമെന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നത്.

137 ദിവസങ്ങള്‍ക്കു ശേഷമാകും രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തുക. കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുല്‍ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാല്‍, ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയതിനാല്‍ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്.

ഇതിനായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോണ്‍ഗ്രസ് കത്തു നല്‍കിയിരുന്നെങ്കിലും നേരിട്ട് സ്വീകരിക്കാതെ സ്പീക്കര്‍ ഒഴിഞ്ഞു മാറി. തുടര്‍ന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കത്ത് ലോക്സഭാ സെക്രട്ടേറിയറ്റിനെ എല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 23ലെ കോടതി ഉത്തരവു വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്.

Back to top button
error: