ഹൈദരാബാദ്:ഓണാവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം. ഹൈദരാബാദിൽ നിന്നും കുർണൂൽ, അനന്ത്പൂർ, പെനുഗോണ്ട, ചിക്കബല്ലാപൂർ, ബംഗളൂരു,ഹൊസൂർ, സേലം, പാലക്കാട് വഴി തിരുവനന്തപുരത്തേക്ക് സർവീസ് അനുവദിക്കണമെന്നാണ് ആവശ്യം.നിലവിൽ ശബരി എക്സ്പ്രസിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്.സ്വകാര്യ ബസുകളാകട്ടെ അമിത നിരക്കുമാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കണമെന്നാണ് ഹൈദരാബാദ് മലയാളിയുടെ ആവശ്യം.
ദക്ഷിണ റെയിൽവേ കഴിഞ്ഞ ദിവസം ഓണക്കാലത്തു ചെന്നൈ – എറണാകുളം, താംബരം – മംഗളൂരു, കൊച്ചുവേളി – ബെംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ചെന്നൈ, താംബരം സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു.
- നമ്പർ 06046 എറണാകുളം – ചെന്നൈ വീക്ക്‌ലി സ്പെഷൽ ഫെയർ ഓഗസ്റ്റ് 24, 31, സെപ്റ്റംബർ 7 തീയതികളിൽ എറണാകുളത്തു നിന്നു രാവിലെ 11.30നു പുറപ്പെടും. മടക്ക സർവീസ് (06045) ചെന്നൈയിൽ നിന്ന് ഓഗസ്റ്റ് 25, സെപ്റ്റംബർ 1, 8 തീയതികളിൽ ഉച്ചയ്ക്ക് 3.10നു പുറപ്പെടും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
- നമ്പർ 06041 താംബരം – മംഗളൂരു സ്പെഷൽ ഫെയർ സർവീസ് ഓഗസ്റ്റ് 22,29,സെപ്റ്റംബർ 5 ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30നു താംബരത്തു നിന്നു പുറപ്പെടും. മടക്ക സർവീസ് (06042) ഓഗസ്റ്റ് 23,30, സെപ്റ്റംബർ 6 തീയതികളിൽ മംഗളൂരുവിൽ നിന്ന് രാവിലെ 10നു പുറപ്പെടും. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, ഫറോക്ക്, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
- നമ്പർ 06083 കൊച്ചുവേളി – ബെംഗളൂരു സ്പെഷൽ ഫെയർ സർവീസ് ഓഗസ്റ്റ് 22,29, സെപ്റ്റംബർ 5 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് രാവിലെ 10.55നു പുറപ്പെടും. മടക്ക സർവീസ് (06084) ഓഗസ്റ്റ് 23,30, സെപ്റ്റംബർ 6 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12.45നു പുറപ്പെടും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.