ബംഗളൂരു: ഐ.ടി. ജീവനക്കാരിയെ ഇരുമ്പുവടികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച മുന്സഹപ്രവര്ത്തകനെ പോലീസ് അറസ്റ്റുചെയ്തു. സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായ രവികുമാറാണ് (28) അറസ്റ്റിലായത്. മുന്സഹപ്രവര്ത്തകയായ 26 വയസുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞദിവസം മൈക്കോ ലേഔട്ടിലായിരുന്നു സംഭവം. രവികുമാര്‍ ജോലിചെയ്യുന്ന കമ്പനിയില്‍ സ്നേഹ ആദ്യം കുറച്ചുനാള്‍ ജോലിചെയ്തിരുന്നു. ഇക്കാലയളവില്‍ ഇരുവരും നല്ല അടുപ്പത്തിലായി. ഇതിനിടെ സ്നേഹയ്ക്ക് മറ്റൊരു കമ്പനിയില്‍ ജോലി ലഭിച്ചു. ഇതോടെ സ്നേഹ തന്നെ അവഗണിക്കുന്നുവെന്നും സ്നേഹയ്ക്ക് മറ്റൊരുബന്ധമുണ്ടെന്നും രവികുമാറിന് സംശയം തോന്നി.
ബുധനാഴ്ച വൈകിട്ട് സ്നേഹയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി. വാക്കുതര്‍ക്കത്തിനിടെ ഇരുമ്പുകമ്പികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസികള്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈക്കോ ലേഔട്ട് പോലീസാണ് കേസെടുത്തത്.