NEWSPravasi

വേനലവധി കഴിഞ്ഞ് പ്രവാസികളുടെ മടക്കയാത്ര തുടങ്ങി; റോക്കറ്റ് കണക്കെ ഉയര്‍ന്ന് ടിക്കറ്റ് നിരക്ക്

ദുബായ്: വേനല്‍ അവധിക്കു ശേഷം പ്രവാസികളുടെ മടക്ക യാത്ര തുടങ്ങിയതോടെ വിമാന വേഗത്തില്‍ ടിക്കറ്റ് നിരക്കും കുതിക്കുന്നു. കൊച്ചി, തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നു ദുബായിലേക്കു യാത്രാ നിരക്ക് 25000 രൂപയ്ക്കു മുകളിലാണ്. നാളെയും മറ്റന്നാളുമായി പുറപ്പെട്ടാല്‍ പോലും 1000 ദിര്‍ഹത്തിനു മേലെ ടിക്കറ്റിനു മുടക്കണം.

ഈ മാസം പകുതിയോട് അടുക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കു പോലും ടിക്കറ്റ് നിരക്ക് 2000 ദിര്‍ഹത്തില്‍ തൊടും. ഓഫ് സീസണില്‍ 10000 രൂപയ്ക്കു യാത്ര ചെയ്യുന്ന ദൂരം താണ്ടാന്‍ ഒരാള്‍ക്ക് 45000 രൂപയ്ക്ക് അടുത്തു ചെലവാകും. 4 പേരുടെ കുടുംബമാണെങ്കില്‍ 2 ലക്ഷത്തോളം രൂപ ടിക്കറ്റിനു മാത്രമായി പോകും. രണ്ടു മാസത്തെ വേനലവധി കഴിഞ്ഞ ഈ മാസം പകുതിയാകുമ്പോള്‍ സ്‌കൂളുകള്‍ തുറക്കും.

Signature-ad

വാര്‍ഷിക അവധിയെടുത്തു പോയിരിക്കുന്നവരെല്ലാം തിരികെ വരാന്‍ തിരക്ക് കൂട്ടുന്ന സമയമായതിനാല്‍ വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് വീണ്ടും വര്‍ധിക്കും. ഈ മാസം അവസാനം ഓണമായതിനാല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും 15നു ശേഷം വര്‍ധിക്കും. സെപ്റ്റംബര്‍ 15വരെ ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. സെപ്റ്റംബര്‍ മൂന്നാം വാരം മുതലാണ് നിരക്കില്‍ അല്‍പമെങ്കിലും കുറവുള്ളത്. 10 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ ലെയ് ഓവറുള്ള സര്‍വീസുകളില്‍ പോലും 37000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്. മസ്‌കത്ത്, കൊളംബോ തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ത്തി വിമാനം മാറി കയറി വരുന്നതിനാണ് ഇത്രയും പണം മുടക്കേണ്ടത്. എത്ര മുടക്കിയാലും തിരികെ വന്നേ പറ്റു പ്രവാസിക്ക്. കാരണം, സമയത്ത് എത്തിയില്ലെങ്കില്‍ ജോലിയും കുട്ടികളുടെ പഠിത്തവും അവതാളത്തിലാകും.

സീസണില്‍ ഉയര്‍ന്ന നിരക്ക് വാങ്ങുന്നതു പോലെ തന്നെ സീസണ്‍ അല്ലാത്തപ്പോള്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നുണ്ടല്ലോ എന്നാണ് ടിക്കറ്റ് നിരക്ക് സംബന്ധിച്ചു വിമാന കമ്പനികള്‍ പറയുന്നത്.

ഡിമാന്‍ഡ് വര്‍ധിക്കുമ്പോള്‍ വില വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ലോകത്ത് എല്ലായിടത്തും ഇതേ പോലെ തന്നെയാണ് നിരക്ക് നിശ്ചയിക്കുന്നതെന്നും കമ്പനികള്‍ പറയുന്നു. ഡിമാന്‍ഡ് കുറയുമ്പോള്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആരും പറയാറില്ലെന്നും അവര്‍ പറഞ്ഞു.

Back to top button
error: