വടംവലിയിൽ കേരളത്തിൽ നിന്ന് ഇന്ത്യക്കു വേണ്ടി ആദ്യ പരിശീലകനായി ടെലിൻ കെ തമ്പിയും ,2023 – 24 വർഷത്തെ ഇന്ത്യ മിസ് ടഗ് ഓഫ് വാറായി മകൾ ക്രിസ്റ്റി കെ ടെലിനും തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന് ചരിത്രനേട്ടവും അഭിമാനവുമായി.
കുന്നംകുളം പഴഞ്ഞി സ്വദേശി പാലക്കാട് താമസിക്കുന്ന കൊള്ളന്നൂർ ടെലിൻ കെ. തമ്പിയാണ് കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ കോച്ചായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടത് .ദേശീയ വനിത ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് ചാമ്പ്യൻപ്പട്ടം നേടിയതിന്റെ മുഖ്യസൂത്രധാരനായിരുന്നു ടെലിൻ.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ പാലക്കാട് ജില്ല ടീമിനേയും, കേരള ടീമിനേയും നേട്ടത്തിന്റെ നെറുകയിൽ എത്തിച്ചതിന്റെ വലിയൊരു അംഗീകാരം കൂടിയാണ് ഇന്ത്യൻ കോച്ചായത്. 2023 സെപ്തംബർ 14 മുതൽ 18 വരെ കോലലംമ്പൂരിൽ നടക്കുന്ന ഇന്റർനാഷ്ണൽ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ടീമിനെ കോച്ച് ടെലിനും ക്യാപ്റ്റനായി മകൾ ക്രിസ്റ്റിയും നയിക്കും.
ടെലിൻ- ജിജി ദമ്പതിമാരുടെ പുത്രിമാരായ ക്രിസ്റ്റി കെ ടെലിൻ, എലിസബത്ത് കെ ടെലിൻ എന്നിവരാണ് പിതാവിന്റെ പാത പിൻതുടർന്ന് വടം വലിയിൽ മുന്നേറ്റം നടത്തുന്നത്.
കഴിഞ്ഞ ദിവസം തമിഴ്നാട് നാമക്കൽ വെച്ച് നടന്ന ദേശീയ വടംവലിയിൽ സീനിയർ വിമൺ 500 കിലോ വനിത ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കേരള ടീമിന്റെ ക്യാപറ്റനാണ് ക്രിസ്റ്റി കെ ടെലിൻ. സഹോദരി എലിസബത്ത് കെ ടെലിൻ അണ്ടർ 15 കേരള ടീമിന്റെ ക്യാപറ്റനായി സ്വർണ്ണ മെഡൽ നേടിയതും ഇരട്ടി ആഹ്ലാദമായി.
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നായി ഏറ്റവും നല്ല ക്യാപ്റ്റൻ, മികച്ച വടംവലി താരം എന്നിവയിൽ 2023- 24 വർഷത്തെ എമർജിംഗ് പ്ലയർ ഓഫ് ഇന്ത്യയായി ക്രിസ്റ്റി. കെ.ടെലിനെ തിരഞ്ഞെടുത്തത് കേരളത്തിന് വലിയ നേട്ടമായി
പാലക്കാട് സെന്റ് റാഫേൽ സ്കൂളിൽ 2016 ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിതാവ് ടെലിൻ മകളെ വടംവലി ടീമിൽ ചേർത്ത് പരിശീലനം നൽകിയത്.
2017 ൽ പാലക്കാട് ജില്ല ടീമിന്റെ ആദ്യ ക്യാപ്റ്റനായി. കഴിഞ്ഞ അഞ്ചു വർഷമായി വിവിധ കാറ്റഗറി വിഭാഗ മൽസരങ്ങളിലും ക്രിസ്റ്റി മുൻ നിരയിൽ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. പാലക്കാട് മേഴ്സി കോളജിൽ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിക്ക്
ഇതിനകം സംസ്ഥാന, ദേശീയ തലത്തിൽ നിരവധി സ്വർണ്ണമെഡലുകളും മറ്റു അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
2017, ’18 വർഷങ്ങളിൽ കേരള സംസ്ഥാന സബ് ജൂനിയർ അണ്ടർ 17 (420 കിലോ) കാറ്റഗറിയിൽ സ്വർണ്ണ മെഡൽ , ജൂനിയർ അണ്ടർ 19 460 കിലോ കാറ്റഗറിയിൽ സ്വർണ്ണമെഡൽ, സീനിയർ 500 കിലോ കാറ്റഗറിയിലും , സീനിയർ ബീച് 480 കിലോയിലും സ്വർണ്ണ മെഡലും നേടി
ദേശീയ തലത്തിൽ അണ്ടർ 19 ജൂനിയർ 460 കിലോ കാറ്റഗറിയിൽ രണ്ട് വർഷം തുടർച്ചയായും, 35 മത് സീനിയർ 500 കിലോ കാറ്റഗറിയിൽ സ്വർണ്ണ മെഡൽ, 17 മത് സീനിയർ ഫെഡറേഷൻ കപ്പ് 500 കിലോ വുമൻസ് കാറ്റഗറി 580 കിലോ മിക്സഡ് കാറ്റഗറിയിലും സ്വർണമെഡൽ നേടിയിട്ടുണ്ട്.
2020 മുതൽ അനുജത്തി എലിസബത്ത് കെ. ടെലിൻ സബ് ജൂനിയർ വിമൺ ടീമിൽ അംഗമായി ഇപ്പോൾ അണ്ടർ 15 ക്യാറ്റഗറി 360 കിലോ തൂക്കത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കേരള ടീമിന്റെ ക്യാപറ്റനാണ്. കോച്ച് ടെലിന്റെ നേതൃത്വത്തിൽ ഇന്റർനാഷ്ണൽ മൽസരത്തിനുള്ള മികച്ച പരിശീലനത്തിലാണ് ടീമംഗങ്ങൾ
പാലക്കാട് കൊള്ളന്നൂർ പരേതനായ തമ്പി – ലില്ലി ദമ്പതിമാരുടെ മൂന്ന് മക്കളിൽ മൂത്തവന്നാണ് ടെലിൻ. സഹോദരങ്ങളായ ലെനിൻ , ലെബിൻ എന്നിവർ പഞ്ചഗുസ്തി താരങ്ങളാണ്.