സമ്പത്തും പദവികളും വിവേകത്തോടും ബുദ്ധിപൂര്‍വ്വവും വിനിയോഗിച്ചില്ലെങ്കില്‍ അവ ഏതു നിമിഷവും നഷ്ടപ്പെടാം
വെളിച്ചം
ശുഭദത്തന്‍ എന്നൊരു വിറകുവെട്ടുകാരന്‍ ജീവിച്ചിരുന്നു. എത്ര കഷ്ടപ്പെട്ടിട്ടും നിത്യവൃത്തി കഴിഞ്ഞുപോകുമെന്നല്ലാതെ ഒന്നും സമ്പാദിക്കാന്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സ്വന്തം ജീവിതത്തില്‍ അയാള്‍ വളരെ അസന്തുഷ്ടനായിരുന്നു.
ഒരിക്കല്‍ കാട്ടില്‍ വെച്ച് അയാള്‍ ദക്ഷന്മാരെ കണ്ടു. ‘തന്നെ സഹായിക്കണമെന്നും തന്റെ ക്ലേശത്തില്‍ നിന്നും രക്ഷിക്കണ’മെന്നും അയാള്‍ ദക്ഷന്മാരോട് അഭ്യര്‍ത്ഥിച്ചു.
അവര്‍ അയാളെ തങ്ങളുടെ കൂടെ കൂട്ടി. ദക്ഷന്മാരുടെ താമസസ്ഥലത്ത് ഒരു അത്ഭുത കുടമുണ്ടായിരുന്നു. എന്ത് ആഗ്രഹിച്ചാലും ആ കുടത്തില്‍ നിന്നും ലഭിക്കുമായിരുന്നു. അയാള്‍ അവരോടൊപ്പം അവിടെ കുറച്ചുനാള്‍ സുഖിച്ചു താമസിച്ചു.
ഒരുദിവസം അയാള്‍ക്ക് സ്വന്തം വീട്ടുകാരെ കുറിച്ച് ഓര്‍മ്മവന്നു. താന്‍ വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നുവെന്നും പോകുന്നതിന് മുന്‍പ് എന്തെങ്കിലും വരം നല്‍കണമെന്നും അയാള്‍ ദക്ഷന്മാവരോട് അപേക്ഷിച്ചു. അവര്‍ പോകാന്‍ ഉള്ള അനുവാദം നല്‍കി. എന്താണ് വരം വേണ്ടതെന്നും ചോദിച്ചു. ‘ആ കുടം മാത്രം തനിക്ക് തന്നാൽ മതി’ എന്ന് അയാള്‍ പറഞ്ഞു. യക്ഷന്മാര്‍ പറഞ്ഞു:
“ശുഭദത്തന്‍ താങ്കള്‍ക്ക് ഈ കുടം സൂക്ഷിക്കാന്‍ സാധിക്കുകയില്ല. ഇത് ഉടഞ്ഞുപോയാല്‍ അത് വരെ താങ്കള്‍ നേടിയതെല്ലാം താങ്കള്‍ക്ക് നഷ്ടമാകും.”
പക്ഷേ, അയാള്‍ കുടത്തിന് വേണ്ടി വാശിപിടിച്ചു. ഒടുവിൽ അവര്‍ അത് അയാള്‍ക്ക് നല്‍കി. വീട്ടിലെത്തിയ അയാള്‍ അതിവേഗം സമ്പന്നനായി. അയാളുടെ ഈ അത്ഭുതകുടത്തെ പറ്റി എല്ലായിടത്തും പാട്ടായി. അയല്‍ നാടുകളില്‍ നിന്നുവരെ ആളുകള്‍ അയാളെ കാണാന്‍ വന്നു.
അഹങ്കാരം കൊണ്ട് അയാള്‍ മതിമറന്നു. ഒരിക്കല്‍ കുടം തലയില്‍ വെച്ച് അയാള്‍ നൃത്തം ചെയ്യുകയായിരുന്നു. അപ്പോള്‍ ആ കുടം താഴെ വീണ് പൊട്ടിച്ചിതറുകയും ആ സമയം വരെ അയാള്‍ നേടിയതെല്ലാം ഒറ്റയടിക്ക് ഇല്ലാതാകുകയും ചെയ്തു. ശുഭദത്തന്‍ ആ പഴയ മരം വെട്ടുകാരനായി മാറാന്‍ തീരെ താമസമുണ്ടായില്ല.
സമ്പത്തും പദവികളും കൈവരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക എന്നതും. ഉചിതമായ വിധത്തില്‍ അവ വിനിയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിജയം എന്നത് സാധ്യമല്ല. ധനം, വിജ്ഞാനം, യശസ്സ് എന്നിവ നേടുമ്പോഴും അവ നേരാവണ്ണം വിനിയോഗിക്കാനുളള വിവേകം കൂടി നമുക്ക് ആര്‍ജ്ജിക്കാൻ കഴിയട്ടെ.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ