IndiaNEWS

കാശ്മീരില്‍നിന്ന് കാണാതായ സൈനികനെ കണ്ടെത്തി; മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യും

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവ സൈനികന്‍ ജാവേദ് അഹമ്മദ് വാനിയെ കണ്ടെത്തി. കുല്‍ഗാം പോലീസ് സൈനികനെ കണ്ടെത്തിയെന്നും മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്ന് കഴിഞ്ഞ 29നാണ് ജാവേദിനെ കാണാതായത്. ലഡാക്ക് മേഖലയിലെ സൈനികനായിരുന്നു ഇദ്ദേഹം. ജൂലായ് 30ന് ജോലിയില്‍ തിരിച്ച് പ്രവേശിക്കണമായിരുന്നു.

ശനിയാഴ്ച വൈകിട്ട് 6.30ന് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയ ജാവേദ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടര്‍ന്ന് മാര്‍ക്കറ്റിനടുത്ത് നിന്ന് ജാവേദ് സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാര്‍ കണ്ടെത്തി. കാറില്‍ രക്തക്കറ കണ്ടതും ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ജാവൈദിന്റെ കോള്‍ വിശദാംശങ്ങള്‍ ജമ്മു കാശ്മീര്‍ പോലീസ് പരിശോധിക്കുകയും അദ്ദേഹവുമായി ബന്ധമുള്ള നിരവധി ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Signature-ad

അതിനിടെ, ജാവേദിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നെന്നും മോചിപ്പിക്കണമെന്നും കുടുംബം വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സൈനികനെ വാഹനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി ജാവേദിന്റെ കുടുംബം ആരോപിച്ചു. കുല്‍ഗാം ജില്ലയിലെ അചതല്‍ പ്രദേശത്താണ് ജാവേദ് അഹമ്മദ് താമസിച്ചിരുന്നത്.

Back to top button
error: