KeralaNEWS

കര്‍ഷകര്‍ക്ക് വണ്ടറും തണ്ടറും! കുരുമുളക് വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കുള്ളില്‍ 120 രൂപയുടെ വര്‍ധന

ഇടുക്കി: തക്കാളി കര്‍ഷകര്‍ക്കു പിന്നാലെ കുരുമുളകു കര്‍ഷകര്‍ക്കും ബമ്പറടിക്കാന്‍ വഴിതെളിയുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കുരുമുളകിന്റെ വിലയില്‍ 100 മുതല്‍ 120 രൂപ വരെ വര്‍ധനയാണുണ്ടായത്. വിപണിയില്‍ അപ്രതീക്ഷിതമായുണ്ടായ വിലക്കയറ്റത്തില്‍ കര്‍ഷകരും അമ്പരപ്പിലാണ്. അതോടൊപ്പം എത്ര നാള്‍ ഈ വില തുടരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. എന്നാല്‍, വിറ്റഴിക്കാന്‍ കുരുമുളക് ഇല്ലാത്തതിനാല്‍ ഇപ്പോഴുണ്ടാകുന്ന വിലക്കയറ്റത്തിന്റെ ഗുണം നേടാന്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

കുരുമുളക് വില വെറും രണ്ടാഴ്ച കൊണ്ടാണ് ശരവേഗത്തില്‍ ഉയര്‍ന്നത്. കിലോയ്ക്ക് 480 രൂപ ഉണ്ടായിരുന്ന കുരുമുളകിന് ഇപ്പോള്‍ വില 580 മുതല്‍ 600 വരെയാണ്. വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍നിന്നു നല്‍കുന്ന സൂചനകളും. വിലയുണ്ടെങ്കിലും ഇതിന് ആനുപാതികമായി വിപണികളില്‍ കുരുമുളക് എത്തുന്നില്ല. വിറ്റഴിക്കാന്‍ കര്‍ഷകരില്‍ ഉത്പന്നമില്ലാത്തതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ കര്‍ഷകരില്‍നിന്നു പരമാവധി കുരുമുളക് നല്ല വിലയിട്ട് വാങ്ങുന്ന കാര്യത്തില്‍ വ്യാപാരികള്‍ക്കും മടിയില്ല.

Signature-ad

വിളപ്പെടുപ്പിന്റെ സമയത്ത് കുരുമുളകിന് വില കിലോയ്ക്ക് 380 മുതല്‍ 420 വരെയായിരുന്നു. ഏറെ നാള്‍ 400 രൂപയായിരുന്നു വില. അതുകൊണ്ടുതന്നെ ചെറുകിട കര്‍ഷകര്‍ ഭൂരിഭാഗവും ഉണക്കി സൂക്ഷിക്കാന്‍ നില്‍ക്കാതെ പച്ചയ്ക്ക് വിറ്റു.

ഉണക്കയുടെ വിലയുമായി ഏകദേശം മൂന്നിലൊന്ന് കണക്കാക്കി കിലോയ്ക്ക് 130 മുതല്‍ 150 രൂപ വരെ വാങ്ങി കര്‍ഷകര്‍ പച്ചക്കുരുമുളക് വിറ്റഴിക്കുകയായിരുന്നു. അല്ലാത്തവര്‍ വര്‍ധിച്ച കൃഷിച്ചെലവും ജീവിതച്ചെലവും മറിക്കടക്കാന്‍ കുരുമുളക് ഉണക്കിയത് സൂക്ഷിച്ചുവെക്കാന്‍ നില്‍ക്കാതെ കിട്ടിയ വിലയ്ക്ക് വിറ്റഴിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴുണ്ടായിരിക്കുന്ന വിലക്കയറ്റത്തിന്റെ ഗുണം നേടാന്‍ ഭൂരിഭാഗം കര്‍ഷകരിലും കുരുമുളകില്ലെന്നതാണ് യാഥാര്‍ഥ്യം.

ഈ വര്‍ഷം മഴ കുറവായതും തിരിച്ചടിയായി. കുരുമുളക് ചെടികളില്‍ തളിരിടുന്ന സമയത്ത് ഉണ്ടായിരുന്ന മഴ പെട്ടെന്ന് കുറഞ്ഞത് ഉത്പാദനത്തെ ഗണ്യമായി ബാധിച്ചു. ഇക്കാരണത്താല്‍ പല കൊടികളിലും ഇപ്പോഴും തിരിയിടുന്നുണ്ട്. പല സമയത്താണ് ഇത് വിളവെടുക്കേണ്ടി വരിക. ഉത്പാദനത്തിലും വലിയ കുറവാണുള്ളതെന്നാണ് കര്‍ഷകര്‍ പറയുന്നത്. പലവിധ പ്രതിസന്ധികള്‍ നേരിടുമ്പോഴും കര്‍ഷകര്‍ക്ക് കാര്യമായ പരിഗണന കൃഷി വകുപ്പില്‍നിന്നു ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

Back to top button
error: