ന്യൂഡൽഹി:ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും വര്‍ഗീയസംഘര്‍ഷം ആളിപ്പടര്‍ത്താനുള്ള സംഘപരിവാര്‍ സംഘടനകളുടെ ശ്രമം തുടരുന്നു.നൂഹില്‍ ഇന്നലെ രാത്രി രണ്ട് പള്ളികള്‍കൂടി കത്തിച്ചു.
നൂഹില്‍ വിജയ്ചൗക്കിലെ പള്ളിയാണ് അക്രമികള്‍ കത്തിച്ചത്. പൊലീസ് സ്റ്റേഷന് സമീപത്തായി മറ്റൊരു പള്ളിയും അഗ്നിക്കിരയാക്കി.നൂഹിനോട് ചേര്‍ന്നുള്ള പല്‍വല്‍ ജില്ലയിലും നിരവധി പള്ളികള്‍ക്കുനേരെ ആക്രമണമുണ്ടായി.
ഗുരുഗ്രാം സെക്ടര്‍ 70ലെ ചേരിപ്രദേശത്ത് രാത്രി ബൈക്കുകളിലെത്തിയ സംഘം ഇതരസംസ്ഥാന തൊഴിലാളികളോട് ഒഴിഞ്ഞുപോകാൻ ഭീഷണിപ്പെടുത്തി. ചൊവ്വ മുതല്‍ തന്നെ ഗുരുഗ്രാമില്‍നിന്നും നൂഹില്‍നിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ പലായനം തുടങ്ങിയിട്ടുണ്ട്.
അതേസമയം നൂഹിലെ പഴയ ബസ്സ്റ്റാൻഡിന് സമീപം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഞ്ജലി ജയിനും മകളും സഞ്ചരിച്ച കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തശേഷം കത്തിച്ചു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.