പ്രമുഖ എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കാസര്‍ഗോഡ് ചേര്‍ക്കളം ബേവിഞ്ച സ്വദേശിയാണ്. കേരള സാഹിത്യ അകാഡമി അംഗം, കോഴിക്കോട് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബേവിഞ്ചയിൽ 1954 മെയ് 30 ന് ജനിച്ച ഇബ്രാഹിം കാസർകോട് ഗവ. കോളേജ്, പട്ടാമ്പി സംസ്കൃത കോളജ്, കോഴിക്കോട് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. മലയാള സാഹിത്യത്തിൽ എം.എ, എം.ഫിൽ ബിരുദധാരിയാണ്. ചന്ദ്രിക ദിനപത്രത്തിന്റെ കാസർകോട് ലേഖകനായും സഹപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാസര്‍കോട് ഗവ. കോളജില്‍ 24 വര്‍ഷവും കണ്ണൂര്‍ ഗവ. വിമന്‍സ് കോളജില്‍ ഒരു വര്‍ഷവും മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജില്‍ നാല് വര്‍ഷവും മലയാളം അധ്യാപകനായിരുന്നു. ചന്ദ്രിക പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ 18 വര്‍ഷം പ്രസക്തി എന്ന കോളവും മാധ്യമം പത്രത്തില്‍ 5 വർഷം കാര്യ വിചാരം എന്ന കോളവും മാധ്യമം വാരാന്ത്യത്തില്‍ കഥ പോയ മാസത്തില്‍ എന്ന കോളം 6 വര്‍ഷവും തൂലിക മാസികയില്‍ വിചിന്തന എന്ന കോളം 7 വര്‍ഷവും കൈകാര്യം ചെയ്തു.
നിരവധി മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും പംക്തികളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ഉബൈദിന്റെ കവിതാ ലോകം, പക്ഷിപ്പാട്ട് ഒരു പുനര്‍വായന, ബഷീര്‍ ദ മുസ്ലിം, നിള തന്ന നാട്ടെഴുത്തുകള്‍, മതിലുകള്‍ ഇനിയും ഇടിയാനുണ്ട്, ഉബൈദിന്റെ തീപിടിച്ച പള്ളിയും പി കുഞ്ഞിരാമന് നായരുടെ കത്തുന്ന അമ്പലവും, ഖുര്‍ആനും ബശീറും തുടങ്ങിയവയാണ് ഇബ്രാഹിം ബേവിഞ്ചയുടെ കൃതികള്‍. നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.