NEWSWorld

ലഹരിക്കടത്തുകാരൻ  ‘ദുബായ് ഭായി’ മലയാളി, ഇയാളുടെ വിശ്വസ്തൻ ആലപ്പുഴ സ്വദേശി പി.ടി ആന്റണി അകത്തായി

     യുവാക്കളെ കബളിപ്പിച്ചു ലഹരികടത്തുകാരാക്കുന്ന വിദേശസംഘത്തിലെ മുഖ്യകണ്ണി ‘ദുബായ് ഭായി’ മലയാളിയാണെന്ന് അന്വേഷണസംഘത്തിനു വ്യക്തമായി. കോഴിക്കോട്, മലപ്പുറം  ജില്ലകളിലുള്ളവരുമായി ‘ദുബായ് ഭായിക്കു’ സ്ഥിരമായ ഫോൺവിളിയും സാമ്പത്തിക ഇടപാടുമുള്ളതായി തെളിവു ലഭിച്ചു. ഇപ്പോൾ കുവൈത്ത് കേന്ദ്രീകരിച്ചാണു ‘ഭായി’യുടെ ലഹരി ഇടപാടുകൾ നടക്കുന്നത്.

ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായ ആലപ്പുഴ സ്വദേശി പി.ടി.ആന്റണി ‘ഭായി’യുടെ വിശ്വസ്തനായ ലഹരി കടത്തുകാരനാണ്. എറണാകുളം സ്വദേശി ജോമോൻ കുവൈത്തിൽ ലഹരിവസ്തുവുമായി അറസ്റ്റിലായതോടെയാണു ആന്റണി, ദുബായ് ഭായ് എന്നിവരുടെ പങ്കാളിത്തം പുറത്തുവന്നത്. സ്വർണക്കടത്തിനേക്കാൾ ലാഭകരമായ ഡയമണ്ട് കടത്തിനായി ഡമ്മി പരീക്ഷണം നടത്താൻ കാലി ബാഗുമായി നെടുമ്പാശേരി വഴി വിമാനത്തിൽ ദുബായിലേക്കും തിരിച്ചും സഞ്ചരിക്കാൻ തയാറുള്ള യുവാക്കൾക്കു 50,000 രൂപ മുതൽ 70,000 രൂപ വരെ വാഗ്ദാനം ചെയ്താണു കെണിയൊരുക്കുന്നത്.

Signature-ad

കാലി ബാഗെന്നു പറഞ്ഞു വിമാനത്താവളത്തിൽ ഇവരെ ഏൽപ്പിക്കുന്ന ബാഗിന്റെ രഹസ്യ അറയിലാണു ലഹരിവസ്തുക്കൾ കടത്തിയിരുന്നത്. ആലപ്പുഴ സ്വദേശികളായ ജാക്സൺ, റോഷൻ എന്നിവരായിരുന്നു ദുബായ് ഭായിയുടെ ഏജന്റുമാർ. ഇവരാണ് ആദ്യം ആന്റണിയെ ലഹരികടത്താൻ ഉപയോഗിച്ചതും ഭായിക്കു പരിചയപ്പെടുത്തിയതും. ആന്റണി പിന്നീട് ഭായിയുടെ വലം കൈയായി മാറി. പക്ഷേ ഇവരിൽ പലരും ഭായിയെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല.

മൂന്നുപേരെ നെടുമ്പാശേരി വഴി ലഹരിമരുന്നുമായി ആന്റണി കടത്തിവിട്ടതോടെയാണ് ഭായിയുടെ വിശ്വസ്തനായി ആന്റണി മാറുന്നത്. ഭായിയുടെ നിർദേശ പ്രകാരം 10 യുവാക്കളെ കബളിപ്പിച്ചു ലഹരി കടത്തിയതായി ആന്റണി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ജാക്സൺ, റോഷൻ എന്നിവർ അതിൽക്കൂടുതൽ പേരെ ഭായിക്കു വേണ്ടി ലഹരികടത്തിനു വിനിയോഗിച്ചിട്ടുണ്ട് എന്നാണു ക്രൈംബ്രാഞ്ചിനു ലഭിച്ച മൊഴി.

Back to top button
error: