CrimeNEWS

വനിതാ പോലീസിനെ ഫോണില്‍ വിളിച്ച് നേരമ്പോക്ക്! ദിവസവും മുന്നൂറിലേറെ വിളി, പ്രതിക്ക് 4 വര്‍ഷം തടവും 15,000

കൊച്ചി: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ പ്രതിക്ക് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നാലുവര്‍ഷം തടവ് ശിക്ഷയും 15,000 രൂപ പിഴയും ചുമത്തി. എറണാകുളം ടൗണ്‍ നോര്‍ത്ത് വനിത പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാണ് പ്രതി വനിതാ പോലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയത്. തിരുവനന്തപുരം സ്വദേശി ജോസിനേയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ല എങ്കില്‍ 4 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോസ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് ലൈഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. സംഭവദിവസം തുടര്‍ച്ചയായി 300 ലേറെ തവണ പ്രതി വനിതാ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നോര്‍ത്ത് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു.

Signature-ad

എറണാകുളം ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അനസ് വിബിയുടെ നേതൃത്വത്തില്‍ പ്രതിയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതില്‍ സമര്‍പ്പിച്ചത്. പോലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് പ്രതി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിനിത ഹാജരായി.

Back to top button
error: