ചങ്ങനാശേരി:ശാസ്ത്രമല്ല, വിശ്വാസമാണ് വലുതെന്നും ഷംസീറിന്റെ പരാമര്‍ശം ഹൈന്ദവരുടെ ചങ്കില് തറച്ചുവെന്നും എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍.സ്പീക്കര്‍ എ എൻ ഷംസീര്‍ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ പറഞ്ഞു.
ഗണപതി മിത്താണെന്ന പരാമര്‍ശത്തിനെതിരെ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തില്‍ കവിഞ്ഞൊരു ശാസ്ത്രമില്ല. ശാസ്ത്രം ഗണപതിയുടെ മേലില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന രീതി ശരിയല്ല. ശാസ്ത്രമല്ല വലുത് വിശ്വാസമാണ് വലുതെന്നും സുകുമാരൻ നായര്‍ പറഞ്ഞു. വാഴപ്പള്ളി ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരൻ നായര്‍.
‘മനുഷ്യന്റെ നാഡീസ്പന്ദനം വിശ്വാസമാണ്. അതിനെ തൊട്ടാല്‍ പ്രതിഷേധിക്കും. സ്വര്‍ഗത്തില്‍ ചെന്നാല്‍ ഹൂറിയുണ്ടെന്ന് പറയുന്നുണ്ടല്ലോ, ആര് പോയി സ്വര്‍ഗത്തില്‍. മുസ്ലിം സഹോദരരെയും സ്നേഹിക്കുന്നുണ്ട്. ഏറെയും നല്ല ആളുകള്‍. പുഴുക്കുത്തുകളുമുണ്ട്’ – സുകുമാരൻ നായര്‍ പറഞ്ഞു.
ഹൈന്ദവര്‍ക്ക് ആരാധിക്കുന്ന ദൈവങ്ങളെ സംബന്ധിച്ച് വിശ്വാസങ്ങളുണ്ട്. രാഷ്ട്രീയമില്ല. ബിജെപിയോട് എതിര്‍പ്പില്ല. ബിജെപിക്കൊപ്പവും കോണ്‍ഗ്രസിനൊപ്പവും കമ്യൂണിസ്റ്റിനൊപ്പവും നായന്മാര് പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്നമില്ല. പക്ഷേ ഞങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ കൈകടത്താൻ വന്നാല്‍ എതിര്‍ക്കാനുള്ള ശക്തി നായര്‍ സൊസൈറ്റിക്കുണ്ട്-സുകുമാരൻ നായർ പറഞ്ഞു.