കാസര്‍കോട്: ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള് പിടിയിലായി. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റിയില്‍ കണ്ണൂരും പയ്യന്നൂരിനുമിടയില്‍ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പിന്നിട്ട ശേഷമാണ് പ്രതി നഗ്നത പ്രദര്‍ശനം നടത്തിയത്. ട്രെയിനില്‍ പെണ്‍കുട്ടിയ്ക്ക് എതിര്‍വശമായി ഇരുന്ന ഇയാള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചുവെന്നാണ് പരാതി.
ഷൊര്‍ണൂരില്‍നിന്ന് കാസര്‍കോടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്കു നേരെയാണ് അതിക്രമം ഉണ്ടായത്. കാസര്‍കോട് കോളജില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. കോഴിക്കോടു നിന്നാണ് ജോര്‍ജ് ജോസഫ് ട്രെയിനില്‍ കയറിയത്. പോലീസില്‍ പരാതി നല്കിയ വിദ്യാര്‍ഥിനി ദുരനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. പ്രതിയുടെ ലൈംഗികാതിക്രമം വിദ്യാര്‍ഥിനി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
കോളജിലേക്കുള്ള യാത്രക്കിടയില്‍ ആണ് പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടായത്. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി. ടെയിനില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ഏല്പിക്കുകയും കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.