KeralaNEWS

തേയിലയുടെ വിലയിടിവ് കർഷകരുടെ ജീവിതം ആത്മഹത്യാമുനമ്പിൽ, ചെറുകിടക്കാർക്കുള്ള ഇൻസെന്‍റിവ് ഇടനിലക്കാര്‍ തട്ടിഎടുക്കുന്നു

   ഇടുക്കി: കാർഷിക വിളകളുടെ വില കുത്തനെ ഇടിഞ്ഞതോടെ ആത്മഹത്യാമുനമ്പിലെത്തി നിൽക്കുകയാണ് നമ്മുടെ കർഷകർ. പ്രത്യേകിച്ച് ചെറുകിട തേയില കർഷകരുടെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളിൽ കൊളുന്തുനുള്ള്‌ വ്യാപകമായതോടെ അവിടെ തേയിലയുടെ ലഭ്യത മുൻ മാസങ്ങളെ അപേക്ഷിച്ച്‌ ഇരട്ടിച്ചതാണ് വിലത്തകർച്ചയ്‌ക്കുള്ള പ്രധാന കാരണം. കൊളുന്തുനുള്ള്‌ പുരോഗമിക്കുന്നതിനാൽ ബഹുരാഷ്‌ട്ര കമ്പനികളും തേയില പാക്കറ്റ്‌ നിർമാതാക്കളും കയറ്റുമതിക്കാരും ലേലകേന്ദ്രങ്ങളിൽ പിന്നിട്ട ഏതാനും ആഴ്‌ചകളായി പഴയ വീറും വാശിയും ഒന്നും ചരക്ക്‌ സംഭരണത്തിൽ പ്രകടിപ്പിക്കുന്നില്ല.

വിപണിയോടുള്ള അവരുടെ തന്ത്രപരമായ സമീപനത്തിലൂടെ നിരക്ക്‌ താഴ്‌ത്താനാകുമെന്ന കണക്കുകൂട്ടൽ ശരിവച്ചുകൊണ്ട്‌ ലേലത്തിൽ വില ഇടിഞ്ഞു. എന്നാൽ അതിന്റെ പ്രതിഫലനം ദക്ഷിണേന്ത്യൻ തേയില വിലകളെയും ബാധിച്ചത്‌ നമ്മുടെ ഉൽപാദകരുടെ ഉറക്കം ചായ കൂടിക്കാതെ തന്നെ ഇല്ലാതാക്കി. കൂനൂരിലെയും കൊച്ചിയിലെയും ലേല കേന്ദ്രങ്ങളിൽ ഉൽപ്പന്നത്തിന്‌ അടിപതറുന്നു.

Signature-ad

പ്രതികൂല കാലാവസ്ഥ തേയിലയുടെ ഗുണനിലവാരത്തെ ബാധിച്ചുവെന്നത്‌ യാഥാർഥ്യമെങ്കിലും ഇല, പൊടി തേയിലകളുടെ നിരക്ക്‌ പല ആവർത്തി ഇടിഞ്ഞത്‌ ചെറുകിട കർഷകരെ മുൾമുനയിലാക്കി. ഓണം അടുത്തതിനാൽ സിവിൽ സപ്ലൈസ്‌ കോർപറേഷൻ തേയിലയിൽ താൽപര്യം കാണിക്കുന്നുണ്ട്‌. എന്നാൽ വൻകിട വാങ്ങലുകാരിൽ നിന്നും പ്രതീക്ഷയ്‌ക്കൊത്ത്‌ ഡിമാൻഡ് ഉയരുന്നില്ലെന്നത്‌ തിരിച്ചടിയായി.

കയറ്റുമതി മേഖലയിലും കാർമേഘം ഉരുണ്ടു കൂടുന്നത്‌ ദക്ഷിണേന്ത്യൻ തേയിലുടെ വീര്യം കുറച്ചു. സി.ഐ.എസ്‌ രാജ്യങ്ങളിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വാങ്ങലുകൾ അൽപം മന്ദഗതിയിലാണ്‌ നീങ്ങുന്നത്‌. രാജ്യാന്തര വിപണിയിൽ മുഖ്യ ഉൽപാദകരാജ്യമായ കെനിയയുടെ സാന്നിധ്യം ശക്തമായതിനാൽ ആഫ്രിക്കയിൽ നിന്നും ഇറാനിൽ നിന്നുമുള്ള അന്വേഷണങ്ങളിൽ കുറവ്‌ കണ്ട്‌ തുടങ്ങി.

തേയില വൻ തോതിൽ ഇറക്കുമതി നടത്തുന്ന ഇറാൻ ജൂലൈ മധ്യം മുതൽ ശ്രീലങ്കയിലേക്ക്‌ ശ്രദ്ധതിരിച്ചു. നേരത്തെ ഇറക്കുമതി നടത്തിയ ക്രൂഡ്‌ ഓയിലിന്‌ പകരം കൊളംമ്പോ തേയില കയറ്റുമതി നടത്തി ബാധ്യത കുറയ്ക്കാമെന്ന ഒത്തുതീർപ്പിന്റെ ഭാഗമായി അഞ്ചു വർഷത്തെ കരാറിലാണ്‌ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്‌. ഇറാനുമുള്ള ശ്രീലങ്കയുടെ ഈ ബാർട്ടർ സിസ്റ്റം തിരിച്ചടിയായത്‌ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തേയില വ്യവസായതിനാണ്‌.

കൊച്ചിയിൽ പരമ്പരാഗത ഇലത്തേയിലകൾക്ക്‌ കഴിഞ്ഞ വാരത്തിലും കിലോയ് 3 മുതൽ 5 രൂപ വരെ ഇടിഞ്ഞു. നിരക്ക്‌ ഇത്തരത്തിൽ താഴാൻ തുടങ്ങിയാൽ വൻകിട തോട്ടങ്ങളെ ഇത്‌ കാര്യമായി ബാധിക്കില്ലെങ്കിലും ഒന്നും രണ്ടും ഏക്കറിൽ തേയില കൃഷി ചെയ്യുന്ന ചെറുകിട കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടും. താഴ്‌ന്ന വിലയ്‌ക്ക്‌ ചരക്ക്‌ കൈമാറി കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടുന്നത്‌ ഒഴിവാക്കാൻ ലേലത്തിൽ നിന്നും ചരക്ക്‌ പിൻവലിക്കുന്നവരുടെ എണ്ണത്തിൽ വർധന കണ്ടു തുടങ്ങി

ഇതിനിടയിലാണ് ചെറുകിട തേയില കര്‍ഷകര്‍ക്ക് വൻകിട തേയില കമ്പനികള്‍ നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ ഇൻസെന്‍റിവ് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു എന്ന പരാതി ഉയർന്നത്. ജൈവരീതിയില്‍ തേയില ഉല്‍പാദനം പ്രോത്സാഹിപ്പിക്കാൻ ചെറുകിട കര്‍ഷകര്‍ക്ക് വൻകിട തേയില കമ്പനികള്‍ നല്‍കുന്ന ഇൻസെന്‍റിവാണ് ഇടനിലക്കാര്‍ തട്ടുന്നതായി പരാതി ഉയര്‍ന്നത്.

റെയിൻ ഫോറസ്റ്റ് അലയൻസസ് (ആര്‍.എ) രജിസ്ട്രേഷനില്‍ അംഗത്വമുള്ള ചെറുകിട കര്‍ഷകര്‍ക്ക് ഒരുകിലോ കൊളുന്തിന് 50 പൈസയാണ് കമ്പനി ഇൻസെന്‍റിവായി അനുവദിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ചെറുകിട തേയില കര്‍ഷകര്‍ക്ക് ഈ ഇനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത്.

നിരോധിത കീടനാശിനികളും അമിത രാസവള പ്രയോഗവും ഒഴിവാക്കി ഗുണനിലവാരമുള്ള കൊളുന്ത് ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കാണ് റെയിൻ ഫോറസ്റ്റ് അലയൻസില്‍ അംഗത്വം ലഭിക്കുക. അന്താരാഷ്ട്ര വിപണിയില്‍ തേയില വിറ്റഴിക്കുന്ന കമ്പനികള്‍ക്കും ആര്‍.എ രജിസ്ട്രേഷൻ നിര്‍ബന്ധമാക്കിയിട്ടുണ്ട്. റെയിൻ ഫോറസ്റ്റ് അലയൻസ് എന്ന സ്വകാര്യ കമ്പനിയാണ് തേയില കമ്പനികളുടെ രജിസ്ട്രേഷൻ നടത്തുന്നത്. ഇതിന് ഓരോ തേയില കര്‍ഷകനും പ്രതിവര്‍ഷം 600 രൂപയോളം ചെലവാകും. കര്‍ഷകരില്‍നിന്ന് കൊളുന്ത് ശേഖരിക്കുന്ന ഇടനിലക്കാരാണ് ഇൻസെന്‍റിവ് വാങ്ങി നല്‍കേണ്ടത്. എന്നാല്‍, ഇൻസെന്‍റിവ് ഇനത്തില്‍ കമ്പനികളില്‍നിന്ന് ഇടനിലക്കാര്‍ വാങ്ങുന്ന തുക വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് കൊടുക്കുന്നില്ല. കമ്പനികള്‍ ഇൻസെന്‍റിവായി കര്‍ഷകര്‍ക്ക് അനുവദിക്കുന്ന തുക ബാങ്ക് അക്കൗണ്ടു വഴി നേരിട്ട് കര്‍ഷകര്‍ക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചാല്‍ ഇടനിലക്കാരുടെ തട്ടിപ്പ് തടയാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കമ്പനികളിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് ചെറുകിട തേയില കര്‍ഷകരെ വര്‍ഷങ്ങളായി ചുഷണം ചെയ്തു വരുകയാണെന്ന് ചെറുകിട തേയില കര്‍ഷക ഫെഡറഷൻ ഇടുക്കി ജില്ല പ്രസിഡന്‍റ് വൈ.സി സ്റ്റീഫൻ പറഞ്ഞു.

Back to top button
error: