CrimeNEWS

ബന്ധുവായ സ്ത്രീയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം; എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തി, യുവാവും സുഹൃത്തും പിടിയില്‍

ചെന്നൈ: കൊടുങ്ങയ്യൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ 21 വയസുകാരനും സുഹൃത്തും അറസ്റ്റില്‍. ചെന്നൈ സ്വദേശികളായ അഗസ്റ്റിന്‍ അരുണ്‍, ഇയാളുടെ സുഹൃത്ത് സോളമന്‍ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബന്ധുവായ 48 വയസുകാരിയെ അരുണ്‍ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പീഡനശ്രമം ചെറുത്തതോടെയാണ് ഇയാള്‍ സ്ത്രീയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് 48-കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അരുണും സുഹൃത്തായ സോളമനും വീട്ടിലെത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത് അരുണ്‍ ആണെന്നും സംഭവസമയം സോളമനും കൂടെയുണ്ടായിരുന്നതായും വ്യക്തമായത്.

Signature-ad

അതേസമയം, ബന്ധു പണം കടംവാങ്ങിയിരുന്നുവെന്നും ഇത് തിരികെവാങ്ങാനായാണ് അവരുടെ വീട്ടില്‍ പോയതെന്നുമായിരുന്നു അരുണിന്റെ ആദ്യമൊഴി. എന്നാല്‍, സ്ത്രീയെ പീഡിപ്പിക്കാന്‍ശ്രമിച്ചതായും ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നതെന്നും കൂട്ടുപ്രതിയായ സോളമന്‍ പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്നാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

അരുണും സോളമനും ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ബന്ധുവിന്റെ വീട്ടിലെത്തിയത്. ഈ സമയം സ്ത്രീ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവും മക്കളും ജോലിക്ക് പോയിരുന്നു. വീട്ടിലെത്തിയ അരുണിനും സുഹൃത്തിനും വീട്ടമ്മ ചായയും പലഹാരവും നല്‍കി. തുടര്‍ന്ന് ഇവരുമായി സംസാരിക്കുന്നതിനിടെ വീട്ടമ്മ കിടപ്പുമുറിയിലേക്ക് പോയി. ഇതോടെ അരുണും വീട്ടമ്മയെ പിന്തുടര്‍ന്ന് കിടപ്പുമുറിയിലെത്തുകയും ഇവരെ പീഡിപ്പിക്കാന്‍ശ്രമിക്കുകയുമായിരുന്നു.

പീഡനശ്രമം ചെറുത്ത വീട്ടമ്മ, ഇക്കാര്യം മാതാപിതാക്കളോടും ബന്ധുക്കളോടും പറയുമെന്ന് അരുണിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് അഗസ്റ്റിന്‍ അരുണ്‍ സ്ത്രീയെ മര്‍ദിച്ചത്. നിരന്തരം മുഖത്തടിച്ച പ്രതി, ഇതിനുപിന്നാലെ തല ചുമരിലിടിപ്പിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. സ്ത്രീ മരിച്ചെന്ന് ഉറപ്പിച്ചതോടെ പ്രതികള്‍ രണ്ടുപേരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അല്പസമയത്തിന് ശേഷം വീട്ടമ്മയുടെ മകന്‍ ജോലികഴിഞ്ഞ് വീട്ടിലെത്തിയതോടെയാണ് ചോരയില്‍കുളിച്ചനിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരും നാട്ടുകാരും ഓടിയെത്തുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.

 

Back to top button
error: