പ്രമേഹത്തെ കുറിച്ചോർത്ത് വിലപിക്കണ്ട, ഇതാ ചില ആയുര്‍വേദ പരിഹാരങ്ങള്‍
ലോകത്താകമാനം ഒരുപാട് പേരെ അലട്ടുന്ന രോഗമാണ് പ്രമേഹം. ഓരോ ദിവസം കഴിയുംതോറും പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ പരമ്പരാഗത ചികിത്സയുടെ പ്രസക്തിയും കൂടി വരികയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ മാത്രം പ്രമേഹബാധിതരുടെ എണ്ണത്തില്‍ 44 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ആരോഗ്യകരമായ ജീവിതശൈലി, ശരിയായ പോഷകാഹാരം, ചിട്ടയായ വ്യായാമം എന്നിവയോടൊപ്പം ആയുര്‍വേദ ഔഷധങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പ്രമേഹമുള്ള വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും. ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്രം ആയ ആയുര്‍വേദത്തിലെ ഔഷധസസ്യങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില ആയുര്‍വേദ ഔഷധങ്ങളുടെ വിവരങ്ങള്‍ ഇതാ
കയ്പക്ക (Karela)
പ്രമേഹത്തെ ചെറുക്കാന്‍ ആയുര്‍വേദത്തില്‍ വളരെക്കാലമായി ഉപയോഗിക്കുന്ന ഒന്നാണ് കയ്പക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പോളിപെപ്‌റ്റൈഡ്-പി എന്ന ഇന്‍സുലിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഗ്ലൂക്കോസ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഞാവല്‍ (Jamun)
ഇന്ത്യന്‍ ബ്ലാക്ക്ബെറി അല്ലെങ്കില്‍ ബ്ലാക്ക് പ്ലം എന്നും അറിയപ്പെടുന്ന ഞാവല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ ആന്തോസയാനിന്‍, എലാജിക് ആസിഡ്, പോളിഫെനോള്‍ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹത്തെ കുറയ്ക്കാന്‍ കൂടുതല്‍ സഹായിക്കുന്നു. ഞാവല്‍ അല്ലെങ്കില്‍ അതിന്റെ ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഇന്‍സുലിന്‍ ഉപയോഗിക്കുന്നത് കുറക്കുന്നതിനും പ്രമേഹ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതിലെ ഉയര്‍ന്ന നാരുകള്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് കുറക്കുന്നു.
ചിറ്റമൃത് (Giloy)
ടിനോസ്‌പോറ കോര്‍ഡിഫോളിയ (Tinospora Cordifolia) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃത് മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ്. ടൈപ്പ് 2 പ്രമേഹചികിത്സയ്ക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു. ഇത് ഒരു ഹൈപ്പോഗ്ലൈസെമിക് ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു. ചിറ്റമൃത് അരച്ചു പിഴിഞ്ഞ ചാറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുകയും ഇന്‍സുലിന്‍ ഉപയോഗിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
നെല്ലിക്ക (Indian Gooseberry)
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം ഉള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ശക്തമായ ആയുര്‍വേദ ഔഷധ ഇനമാണ് നെല്ലിക്ക. വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്, ഇത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇന്‍സുലിന്‍ സ്രവണം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.