കോട്ടയം: ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി കണ്ടെത്തി പട്ടിക തയാറാക്കാനും കൈയേറ്റം കണ്ടെത്താനും ആർ.ഡി.ഒ.മാർക്ക് ജില്ലാ വികസന സമിതി യോഗത്തിന്റെ നിർദേശം. ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളിൽ നടന്ന യോഗത്തിലാണ് നിർദേശം. പുറമ്പോക്ക് ഭൂമിയുടെ പട്ടിക തയാറാക്കാനും കൈയേറ്റം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാനും ആർ.ഡി.ഒ.മാർക്ക് കളക്ടർ നിർദ്ദേശം നൽകി. മണിമല ഗ്രാമപഞ്ചായത്തിൽ നാലേക്കറോളം സർക്കാർ ഭൂമി ഉപയോഗരഹിതമായ നിലയിലുള്ളതായും സർക്കാർ പുറമ്പോക്ക് സ്ഥലങ്ങളിൽ കൈയേറ്റമുണ്ടെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. കരിമ്പുകയം ചെക്ക് ഡാം മുതൽ ഒരു കിലോമീറ്റർ ദൂരം സംരക്ഷണഭിത്തി നിർമിക്കുന്നതിന് 98 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശത്ത് ഭൂമികൈയേറ്റം ഉള്ളതിനാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തേണ്ട സ്ഥിതിയുണ്ട്.
അരുവിക്കുഴി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർവേ നടപടികൾക്കായി ആവശ്യമെങ്കിൽ കൂടുതൽ സർവേയർമാരെ ചുമതലപ്പെടുത്തണമെന്നും സർവേ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. തിരക്ക് പരിഗണിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിലേക്ക് ഒരു ഡോക്ടറെ കൂടി അനുവദിക്കണമെന്നും സർക്കാർ ചീഫ് പറഞ്ഞു. ആരാധനാലയങ്ങൾക്കും സ്‌കൂളിനും സമീപമായി വാഴൂർ കൊടുങ്ങൂരിൽ വിദേശ മദ്യഷാപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളുണ്ടെന്നും വിഷയത്തിൽ ഇടപെടണമെന്നും കൂടംകുളം പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരതുക അടിയന്തരമായി കൊടുത്ത് തീർക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൂത്രപ്പള്ളി റോഡുൾപ്പെടെ പി.എം.ജി.എസ്.വൈ. ഏറ്റെടുത്ത റോഡുകളുടെ നിർമാണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ രൂക്ഷമായ വന്യമൃഗശല്യം നേരിടുന്നതായും അടിയന്തര നടപടി സ്വീകരിക്കണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. മുണ്ടക്കയം മേഖലയിലെ കണ്ണിമല, 504, കുഴിമാവ് എന്നിവിടങ്ങളിലാണ് ആന, കാട്ടുപോത്ത്, പുലി എന്നീ വന്യമൃഗങ്ങളുടെ ശല്യമുള്ളത്. കണ്ണിമല പ്രദേശത്ത് ആറ് ആനകളുടെ ഒരു കൂട്ടം സ്ഥിരമായി ജനവാസമേഖലയിലെത്തുന്നുണ്ട്. 30 കിലോമീറ്റർ ദൂരമുളള സംരക്ഷണവേലിയിൽ ആറോ ഏഴോ കിലോമീറ്റർ മാത്രമാണ് ഇപ്പോൾ ഫലപ്രദമായുള്ളതെന്നും അറ്റകുറ്റപണികളും നിർമാണപ്രവർത്തനങ്ങളും നടത്തി ജനസുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷിത വേലികൾ തീർക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ. പറഞ്ഞു. പ്രളയകാലത്ത് നദികളിൽ നിന്ന് വാരിയിട്ട മണൽ മാറ്റുന്നതിനുള്ള ലേല നടപടികൾ അടിയന്തമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പുല്ലകയാറ്റിൽ രണ്ട് കിലോമീറ്ററിലധികം ദൂരത്തിൽ അടിഞ്ഞ പാറക്കല്ലുകൾ നീക്കാൻ നടപടി സ്വീകരിക്കണമെന്നും പമ്പാവാലി പട്ടയ വിതരണം സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ അഞ്ചു ഡോക്ടർമാരുടെ ഒഴിവുണ്ടെന്നും അടിയന്തരമായി നിയമനം നടത്തണമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. നിയമനത്തിനായി ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ. അറിയിച്ചു. താൽക്കാലികമായി ഡോക്ടർമാരെ നിയോഗിക്കാൻ ജില്ലാ കളക്ടർ ഡി.എം.ഒ.യ്ക്ക് നിർദ്ദേശം നൽകി. ചങ്ങനാശേരി – കറുകച്ചാൽ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഡമ്പിംഗ് യാർഡുകളിൽ അജൈവമാലിന്യം കുന്നുകൂടിയിട്ടുള്ളത് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറിച്ചി ടെക്നിക്കൽ സ്‌കൂളിനായുള്ള സ്ഥലമേറ്റെടുക്കലിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലം ഉൾപ്പെട്ടിട്ടുണ്ട്. തണീർത്തട നിയമപ്രകാരമുള്ള ഉത്തരവ് ലഭ്യമാക്കി ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും വീടുകളിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു. ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ നിർബന്ധമായും പാലിക്കണം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് ആദരവ് അർപ്പിച്ചാണ് യോഗം ആരംഭിച്ചത്. യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, എ.ഡി.എം. റെജി പി. ജോസഫ്,ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, കൊടിക്കുന്നിൽ സുരേഷ് എം. പിയുടെ പ്രതിനിധി പി. എൻ. അമീർ എന്നിവർ പങ്കെടുത്തു.