ജയ്പുര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ കാണാനായി പാകിസ്താനിലേക്ക് കടക്കാന്‍ ശ്രമിച്ച കൗമാരക്കാരിയെ പോലീസിന് കൈമാറി ജയ്പുര്‍ വിമാനത്താവള അധികൃതര്‍. രാജസ്ഥാനിലെ സിക്കാര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. വെള്ളിയാഴ്ചയാണ് സംഭവം.
വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിയുടെ കൈവശം പക്ഷേ അന്താരാഷ്ട്ര യാത്രയ്ക്ക് ആവശ്യമായ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിയെ കണ്ട് സംശയം തോന്നി അധികൃതര്‍ ചോദ്യം ചെയ്തു. ഇതോടെ അധികൃതരെ കബളിപ്പിക്കുന്നതിനായി കെട്ടിച്ചമച്ച ഒരു കഥയും പെണ്‍കുട്ടി അവരോട് പറഞ്ഞു. താന്‍ പാകിസ്താന് സ്വദേശിയാണെന്നും ഇന്ത്യയിലെ അമ്മായിയുടെ ഒപ്പം താമസിക്കാന്‍ എത്തിയതാണെന്നായിരുന്നു കുട്ടി അവരോട് പറഞ്ഞത്. അമ്മായിയുമായി പിണങ്ങിയതിനാല്‍ താന്‍ തിരിച്ച് പോകുകയാണെന്നും കുട്ടി പറഞ്ഞു.
എന്നാല്‍, പെണ്‍കുട്ടി പറഞ്ഞ കഥ കേട്ട് സംശയം തോന്നിയ അധികൃതര്‍ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് താന്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ പാകിസ്താനിലേക്ക് പോകുകയാണെന്ന് കുട്ടി വെളിപ്പെടുത്തുന്നത്. പിന്നീട് കുട്ടിയെ പോലീസിന് കൈമാറി.കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ കൈയ്യില്‍ മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് എയര്‍പോര്‍ട്ട് സ്റ്റേഷന് ഓഫീസര്‍ ദിഗ്പാല്‍ സിങ് പറഞ്ഞു. ജയ്പുരില്‍നിന്ന് പാകിസ്താനിലേക്ക് വിമാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട നസ്റുല്ല എന്ന സുഹൃത്തിനെത്തേടി പാകിസ്താനിലേക്കുപോയ ഇന്ത്യക്കാരി അഞ്ജുവിന്റെ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇവര്‍ പിന്നീട് വിവാഹിതരായെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. പബ്ജി വഴി പരിചയപ്പെട്ട കാമുകനൊപ്പം ചേരാന്‍ പാകിസ്താനില്‍നിന്ന് സീമ ഹൈദറെന്ന യുവതി നാലു കുട്ടികള്‍ക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തിയതും ഈ അടുത്ത കാലത്താണ്.