ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയെ അശ്ലീല വിഡിയോകോള്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ വീഡിയോ കോള്‍ വിളിച്ച രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെയാണു പിടികൂടിയതെന്നു ഡല്‍ഹി പോലീസ് അറിയിച്ചു.
വാട്‌സാപ്പില്‍ വീഡിയോ കോള്‍ വന്നപ്പോള്‍ പ്രഹ്ലാദ് ഫോണ്‍ എടുത്തെന്നും ഉടനെ രതിചിത്രം പ്ലേ ചെയ്യാന്‍ തുടങ്ങിയെന്നും പോലീസ് പറഞ്ഞു. രതിചിത്ര ദൃശ്യങ്ങള്‍ കണ്ടതോടെ കേന്ദ്രമന്ത്രി ഉടന്‍ കോള്‍ റദ്ദാക്കി ഫോണ്‍ താഴെ വച്ചു. ഉടനെ മറ്റൊരു നമ്പറില്‍നിന്ന് കോള്‍ വരികയും മന്ത്രിയുള്‍പ്പെട്ട രതിചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേന്ദ്രമന്ത്രി വിവരം പോലീസിനെ അറിയിച്ചു. ജൂണില്‍ നടന്ന സംഭവം ഇപ്പോഴാണു പുറത്തറിയുന്നത്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ രാജസ്ഥാന്‍ സ്വദേശികളാണെന്നു മനസ്സിലായി. സംഭവത്തില്‍ മുഹമ്മദ് വക്കീല്‍, മുഹമ്മദ് സാഹിബ് എന്നിവരെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണെന്നു പോലീസ് വ്യക്തമാക്കി.