മുംബൈ: സീരിയല്‍ ചിത്രീകരണത്തിനിടെ പുലിയിറങ്ങി. മുംബൈ ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ മറാത്തി സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് പുലിയും കുട്ടിയും ഇറങ്ങിയത്. ഫിലിം സിറ്റിയിലൂടെ പുലി ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി.
200-ലധികം ആളുകള്‍ സെറ്റിലുണ്ടായിരുന്നതായാണ് വിവരം.
#WATCH | A leopard, along with its cub, entered the sets of a Marathi TV serial in Goregaon Film City, Mumbai yesterday.
All Indian Cine Workers Association president Suresh Shyamlal Gupta says, "More than 200 people were present at the set, someone could have lost life. This… pic.twitter.com/m1YgSXARl6
— ANI (@ANI) July 27, 2023
പത്ത് ദിവസത്തിനിടെ നാലാം തവണയാണ് പുലിയിറങ്ങുന്നത്. ഈ മാസം പതിനെട്ടിന് ഫിലിം സിറ്റിയില്‍ പുലി തെരുവ് നായയെ കൊന്നു. ഫിലിം സിറ്റിയിലും ആരെ കോളനിയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പവന്‍ ശര്‍മ പറഞ്ഞു. പുലി വരുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഫിലിം സിറ്റിയില്‍ പുലിയുള്‍പ്പടെയുള്ള വന്യമൃഗങ്ങളിറങ്ങുന്നത് പതിവാണെന്നും പലതവണ പരാതിപ്പെട്ടിട്ടും സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാമള ഗുപ്ത കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് നൂറോളം ജീവനക്കാര്‍ സമരത്തിലാണെന്നും ചിത്രീകരണം അനിശ്ചിതത്വത്തിലാണെന്നും സുരേഷ് പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനംവകുപ്പും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.