KeralaNEWS

മണിപ്പുര്‍ ഐക്യദാര്‍ഢ്യത്തില്‍ വിദ്വേഷ മുദ്രാവാക്യം; കേസ് എടുത്ത് പോലീസ്, പ്രവര്‍ത്തകനെ പുറത്താക്കി യൂത്ത് ലീഗ്

കാസര്‍കോട്: കാഞ്ഞങ്ങാട് യൂത്ത് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇന്നലെ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വിദ്വേഷ മുദ്രാവാക്യം. കണ്ടാല്‍ അറിയുന്ന മൂന്നൂറ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സംഭവത്തിന് പിന്നാലെ കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് അറിയിച്ചു.  മുസ്ലിം ലീഗിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്‍കിയതില്‍നിന്നു വ്യതിചലിച്ചും പ്രവര്‍ത്തിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുല്‍ സലാം ചെയ്തതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ഫിറോസ് പ്രസ്താവനയില്‍ അറിയിച്ചു.

Signature-ad

”രാമായണം ചൊല്ലാതെ അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും” എന്ന അത്യന്തം പ്രകോപനപരമായ മുദ്രാവാക്യമാണ് പ്രകടനത്തിലുയര്‍ന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചു. ബിജെപി വക്താവ് അമിത് മാളവ്യ അടക്കുമുള്ളവര്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. കേരളത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും സുരക്ഷിതരാണോ? പിണറായി വിജയന്റെ പിന്തുണയാണ് ഇവര്‍ക്ക് ഇതിന് ധൈര്യം നല്‍കുന്നതെന്നും അമിത് മാളവ്യ വീഡിയോ പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചു. കേരളം പൂര്‍ണമായും മൗലികവാദത്തിന്റെ കേന്ദ്രമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: