തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രത്യേക പരിശോധനകൾ ശക്തമാക്കിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ മത്സ്യയുടെ പ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി എപ്രിൽ ഒന്നുമുതൽ ഇതുവരെ 2964 പരിശോധനകളാണ് നടത്തിയത്. എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്കും തത്സമയം പരിശോധനകൾ റിപ്പോർട്ട് ചെയ്യാൻ ടാബുകൾ അനുവദിച്ചു വരുന്നു. പരിശോധനകൾ കർശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ജൂൺ ഒന്നു മുതൽ ഇതുവരെ 992 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ, 3236 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. 603 കോമ്പൗണ്ടിംഗ് നോട്ടീസ്, 794 റെക്ടിഫിക്കേഷൻ നോട്ടീസ് എന്നിവ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നൽകി. 29.05 ലക്ഷം രൂപ പിഴയായി ഈടാക്കി. 3029 സ്ഥാപനങ്ങൾക്ക് ലൈസൻസും 18,079 സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷനും ഈ കാലയളവിൽ നൽകിയിട്ടുണ്ട്. ലൈസൻസും രജിസ്‌ട്രേഷനും എല്ലാവരും കൃത്യമായി പുതുക്കേണ്ടതാണ്. അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ജീവനക്കാർ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി മത്സ്യ ഹാർബറുകൾ, ലേല കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, ചെക്ക്‌പോസ്റ്റുകൾ, വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിവരുന്നു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഏപ്രിൽ മുതൽ ഇതുവരെ 2893 സാമ്പിളുകളാണ് ശേഖരിച്ചത്. 5549 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.
സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. പരാതി പരിഹാര സംവിധാനമായ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിരിക്കുന്നു. ഈ ആപ്പ് നിലവിൽ വന്ന ശേഷം 489 പരാതികളാണ് ലഭിച്ചത്. 333 പരാതികൾ പരിഹരിച്ചു. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചു വരുന്നു.