KeralaNEWS

ആശുപത്രിക്കിടക്കയില്‍ വെച്ച്‌ കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടി ചോദിച്ചത് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യം:കേന്ദ്ര മന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം:ഏറ്റവും ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ വെച്ച്‌ കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടി ചോദിച്ചത് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.കേരളത്തിലെ ജനങ്ങള്‍ക്ക് തീരാനഷ്ടമാണ് ഈ വിയോഗമെന്നും മുരളീധരന്‍ പറഞ്ഞു.

Signature-ad

 ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് ജനങ്ങളുടെ വേദനകള്‍ക്കൊപ്പം എന്നും നിന്ന നേതാവിന്റെ നിര്യാണം എല്ലാവരിലും ദുഃഖം ഉണ്ടാക്കുന്നതാണ്.രാഷ്ട്രീയമായിട്ടുള്ള ഭിന്നതകള്‍ ഉള്ളപ്പോഴും അദ്ദേഹം ആരോടും വിദ്വേഷം പുലര്‍ത്തിയിരുന്നില്ല. കസ്തൂരിരംഗര്‍ വിഷയത്തിലും ഇറാഖില്‍ നിന്ന് നഴ്‌സുമാരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിലുമെല്ലാം ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്തു.

അന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമയി ചേര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കൂടിയായിരുന്ന ഉമ്മന്‍ ചാണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എത്രമാത്രം സഹകരിച്ച്‌ പ്രവര്‍ത്തിക്കാനാകുമെന്നതിന്റെ ഉദാഹരണമാണെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ജനങ്ങളുമായി ഇത്രയും ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു നേതാവ് ഉണ്ടായിട്ടില്ല. അദ്ദേഹം നടത്തിയ ജനസമ്ബര്‍ക്ക പരിപാടികള്‍ കേരള ചരിത്രത്തില്‍ പകരം വയ്ക്കാനില്ലാത്ത സംഭവങ്ങളാണ്. ഒരു പൊതു പ്രവര്‍ത്തകന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ എത്രത്തോളം കഠിനാധ്വാനിയായിരിക്കണം എന്ന് തെളിയിച്ച നേതാവു കൂടിയാണ് ഉമ്മന്‍ചാണ്ടിയെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായിരുന്നു ഉമ്മന്‍ ചാണ്ടി.രാഷ്ട്രീയ അതികായന്റെ നഷ്ടം നികത്താന്‍ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണ്.ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുകയാണ്-മുരളീധരൻ പറഞ്ഞു.

Back to top button
error: