കാസർകോട്: ഭർതൃമതിയായ യുവതിയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബേള വിഷ്ണുമൂർത്തി നഗറിലെ ദാമോദരൻ- സുജാത ദമ്പതികളുടെ മകൾ എ അശ്വതി (28) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുണ്ടംകുഴി സ്വദേശിയായ ഭർത്താവ് മനോഹരൻ ഗൾഫിലാണ്. രണ്ട് വർഷം മുമ്പായിരുന്നു വിവാഹം. ഇവർക്ക് മക്കളില്ല. ഒമ്പത് മാസം മുമ്പ് ഭർതൃപിതാവ് തൂങ്ങി മരിച്ചത് കണ്ടതോടെ അശ്വതി മൂകമായ അവസ്ഥയിലായിരുന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.
അശ്വതിയുടെ മാതാവ് സുജാത വീടിന് സമീപത്തെ ദിനേശ് ബീഡി കമ്പനിയില്‍ തൊഴിലാളിയാണ്. സുജാത ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വന്നപ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ടു. പല തവണ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ചു. സമീപവാസികളെത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് ദാമോദരൻ കൂലിത്തൊഴിലാളിയാണ്.
കര്‍ക്കട വാവ് ദിവസമായ ഇന്നലെ ദാമോദരൻ പെര്‍ഡാല ഉദനേശ്വര ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. മരണവിവരമറിഞ്ഞ് ദാമോദരൻ വീട്ടില്‍ തിരിച്ചെത്തി.
അശ്വതി കണ്ണൂരില്‍ കല്ല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ ജീവനക്കാരിയായിരുന്നു. രണ്ടുമാസമായി അവധിയിലാണ്. കിരൺകുമാർ ഏക സഹോദരനാണ്.
മരണത്തിന് മുമ്പ് അശ്വതി വസ്ത്രങ്ങളെല്ലാം അലക്കിവെച്ചിരുന്നു. ഇതില്‍ ഒരു വസ്ത്രമാണ് തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
മരണത്തിൽ സംശയങ്ങളൊന്നും ഇല്ലെന്ന് ബന്ധുക്കൾ പൊലീസിൽ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.