KeralaNEWS

അരിക്കൊമ്പന്‍ ചരിഞ്ഞിട്ടില്ല; കോതയാറില്‍ സുഖജീവിതമെന്ന് തമിഴ്‌നാട്

നാഗര്‍കോവില്‍: ”അരിക്കൊമ്പന്‍ ചത്തു, തമിഴ്‌നാട് കൊന്നു, ആന മെലിഞ്ഞു…” തുടങ്ങി നിരവധി വിമര്‍ശനമാണ് ആനപ്രേമികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. അരിക്കൊമ്പന്റെ ആരോഗ്യവിവരം പുറത്തുവിടാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അരിക്കൊമ്പന്റെ പുതിയ വീഡിയോ പുറത്തുവിട്ട് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജൂലൈ 15 ന് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.

തമിഴ്‌നാട് വനംവകുപ്പ് കളക്കാട് മുണ്ടന്തുറൈ ഫീല്‍ഡ് ഡയറക്ടര്‍ കെഎംടിആര്‍ നേതൃത്വത്തില്‍ മെഡിക്കല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. ആന പൂര്‍ണ ആരോഗ്യവാനും ഭക്ഷണവും വെള്ളവും സാധാരണ നിലയില്‍ കഴിക്കുന്നുണ്ടെന്നും പുതിയ ആവാസ വ്യവസ്ഥയുമായി ചേര്‍ന്നുവെന്നും വനംവകുപ്പ് വിലയിരുത്തി.

Signature-ad

ആന അതിന്റെ പുതിയ ആവാസ വ്യവസ്ഥയായ അപ്പര്‍ കോതയാറില്‍ സുഖമായി ജീവിക്കുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ച് കുറിച്ചിട്ടുണ്ട്. ”അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും, ആനക്കൂട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്നു എന്നുമുള്ള തൊക്കെ വെറും തള്ളുകള്‍ മാത്രം. വീണ്ടും മെലിഞ്ഞു പോയി എന്നാണ് വിവരം. വെള്ളം കുടിക്കാം. എന്നാല്‍ കാര്യമായി തീറ്റയൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലാത്ത ഒരു പ്രദേശത്ത് ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. ഒരു ഗേറ്റും സ്ഥാപിച്ചിട്ട് നിരീക്ഷണ സംഘത്തെയും നൈസായിട്ട് പിന്‍വലിച്ചിട്ടുണ്ട്. ഡ്രോണ്‍ വഴിയാണ് ഇപ്പോള്‍ നിരീക്ഷണം’ എന്നൊക്കെ പ്രചരിപ്പിച്ച് നിരവധി സംഘങ്ങള്‍ വ്യാപക പണപ്പിരിവും തട്ടിപ്പും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിച്ചവര്‍ക്കെതിരെയും അരികൊമ്പന്‍ ഗ്രൂപ്പുകള്‍ക്കെതിരെയും പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: