ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി അനുമതി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. കൊല്ലം പോലീസ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി അറിയിച്ചു.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേരളത്തിലേക്ക് പോകാന്‍ നേരത്തെ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും പിതാവിനെ കാണാന്‍ കഴിയാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാന്‍ വീണ്ടും അനുമതി നല്‍കണമെന്നുമാണ് മഅദനി കോടതിയെ അറിയിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും മഅദനി ആവശ്യപ്പെട്ടു.
അതുപോലെ തന്റെ സുരക്ഷാ മേല്‍നോട്ടം കേരളാ പോലീസിനെ ഏല്‍പിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅദനി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്റെ ചെലവ് താങ്ങാനാകുന്നില്ലെന്നും മഅദനി കോടതിയെ അറിയിച്ചു.
മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീം കോടതി മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ അനുവദിച്ചിരുന്നെങ്കിലും കര്‍ണാടക പോലീസിന്റെ ചെലവ് താങ്ങാനാകാത്തതിനാല്‍ കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്. തുടര്‍ന്ന് ജൂലൈ ആറിന് തിരികെ പോകുകയും ചെയ്തു. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് മഅദനി കേരളത്തിലെത്തിയത്. മഅദനിക്കു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ദീര്‍ഘദൂര യാത്ര അനുവദിക്കാന്‍ കഴിയില്ലെന്നുമുള്ള മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചത്.മഅദനിയുടെ പിതാവിനെ കൊച്ചിയില്‍ എത്തിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതും കഴിഞ്ഞില്ല.