കൊല്ലം: കരുനാഗപ്പള്ളിയിൽ വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് കയറാൻ ശ്രമിച്ച യുവതിയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. റാങ്ക് ലിസ്റ്റും അഡ്വൈസ് മെമോയും നിയമന ഉത്തരവും അടക്കം എല്ലാം വ്യാജമായി ഉണ്ടാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച രാഖിക്ക് പിഴച്ചത് കളക്ടറുടെ ഒപ്പിലാണ്. കൊല്ലം വാളത്തുങ്കൽ സ്വദേശിനി 25 വയസുള്ള രാഖി പിടിയിലാകാനുള്ള പ്രധാന കാരണവും കളക്ടറുടെ ഒപ്പെന്ന കുരുക്കാണ്.
റവന്യൂ വകുപ്പിൽ എൽ ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന വ്യാജ ഉത്തരവുമായാണ് രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയത്. കുടുംബ സമേതം രാവിലെ പത്തരയോടെയാണ് രാഖി ഇവിടെ എത്തിയത്. അഡ്വൈസ് മെമോയും നിയമന ഉത്തരവും ഉൾപ്പെടെ ഹാജരാക്കി. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ഒറ്റനോട്ടത്തിൽ തന്നെ തട്ടിപ്പ് ആണെന്ന സംശയം തോന്നി. റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടറാണ് ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത് റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥൻറെ ഒപ്പായിരുന്നു. കളക്ടറുടെ ഒപ്പ് ഇല്ലാത്തതിനാൽ സ്വാഭാവികമായുണ്ടായ സംശയമാണ് രാഖിയെ അകത്താക്കിയത്.
അങ്ങനൊരു തസ്തികയേ ഇല്ലാത്തതിനാൽ കരുനാഗപ്പള്ളി തഹസീൽദാർ, ജില്ലാ പി എസ് സി ഓഫീസിനെ സമീപിക്കാൻ നിർദേശിച്ചു. ഒപ്പം കരുനാഗപ്പള്ളി പൊലീസിനും കളക്ടർക്കും പരാതി നൽകി. കുടുംബസമേതം പി എസ് സി ഓഫീസിലും വ്യാജ രേഖകളുമായി ചെന്ന രാഖി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എൽ ഡി. ക്ലാർക്ക് പരീക്ഷയിൽ 22ാം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റും കാണിച്ചു. പരിശോധനയിൽ റാങ്ക് ലിസ്റ്റിൽ രാഖിയില്ലെന്ന് മനസിലാക്കിയ പി എസ് സി ഉദ്യോഗസ്ഥർ രാഖിയേയും ഒപ്പമുണ്ടായിരുന്ന ഭർത്താവിനേയും തടഞ്ഞുവച്ചു. ശേഷം പൊലീസിനെ വിവരം അറിയിച്ചു.
രാഖിയെ പൂർണമായും വിശ്വസിച്ച റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവ് മാധ്യമങ്ങളെ വിളിച്ചുവരുത്തി ഉദ്യോഗാർത്ഥിയെ പി എസ് സി ഉദ്യോഗസ്ഥർ തടഞ്ഞു വച്ചുവെന്ന് വിളിച്ചറിയിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒൻപത് മാസങ്ങൾക്ക് മുമ്പ് അഡ്വൈസ് മെമോയും ഈ മാസം മൂന്ന് എന്ന തീയതിയിൽ നിയമന ഉത്തരവും വ്യാജമായി തയ്യാറാക്കി സ്വന്തം വിലാസത്തിലേക്ക് അയച്ചെന്ന് കണ്ടെത്തിയത്. മൊബൈൽ ഫോണിൻറെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിർമിച്ചതാണെന്ന് പ്രതി സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത മറ്റ് ബന്ധുക്കൾക്ക് വ്യാജരേഖ ചമച്ചതിൽ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതറിയാൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.