CrimeNEWS

അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെ മോഷണം; പരിസരം അറിയാവുന്നവരെന്ന് സൂചന

പത്തനംതിട്ട: അയിരൂര്‍ പുതിയ കാവില്‍ മോഷണം. ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ തുറന്ന് മോഷണം നടത്തിയതായി വെള്ളിയായ്‌ഴ്ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ക്ഷേത്രം തുറക്കാന്‍ ജീവനക്കാരെത്തിയപ്പോള്‍ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം കുത്തിപൊളിച്ച നിലയിലായിരുന്നു.

തുടര്‍ അന്വേഷണത്തില്‍ ആലിന് സമീപമുള്ള കാണിക്കവഞ്ചിയും തുറന്ന് മോഷണം നടത്തിയതായി കണ്ടെത്തി. ജീവനക്കാര്‍ ഉപദേശക സമതി ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിച്ചു. കോയിപ്പുറം പോലീസും പത്തനംതിട്ടയില്‍ നിന്നും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധനകള്‍ നടത്തി.

Signature-ad

രണ്ടു ദിവസം മുന്‍പാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ തുറന്നത്. എന്നാല്‍ അന്ന് രണ്ട് കാണിക്കവഞ്ചികള്‍ സമയ കുറവ് മൂലം തുറക്കാന്‍ സാധിച്ചില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. മോഷ്ടാക്കള്‍ കുത്തി പൊളിച്ചവ അന്ന് തുറക്കാന്‍ സാധിക്കാതെ പോയവയാണ്. ക്ഷേത്രത്തില്‍ ഏറ്റവും അധികം കാണിക്ക ലഭിക്കുന്നത് ശ്രീ കോവിലിന് മുന്നിലെ ഭണ്ഡാരത്തിലാണ്. മോഷ്ടാക്കള്‍ തുറന്നതും അത് തന്നെയാണ്.

കാണിക്ക വഞ്ചികള്‍ക്ക് പുറമെ സ്റ്റേജിന് വശത്തുള്ള സബ് ഗ്രുപ്പ് ഓഫീസിലും പൂട്ട് തുറന്ന് അകത്തു കയറിയിട്ടുണ്ട്. ഇവിടെ അലമാരകളും മേശകളും തുറക്കുകയും ഫയലുകളും മറ്റും വലിച്ചു വാരി ഇടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് സമീപമുള്ള ഉപദേശക സമതി ഓഫീസിനെ ഒഴിവാക്കുകയും ചെയ്തിട്ടിട്ടുണ്ട്.

ക്ഷേത്രത്തിന്റെ തെക്കേ നടയിലെ കതക് കുത്തിപൊളിച്ച് അകത്തുകടന്നവര്‍ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം പൊളിച്ച ശേഷം ഇതിലുള്ളതെല്ലാം എടുത്ത് ചാക്കിലാക്കി വടക്കേ നട തുറന്നാണ് പുറത്തെ നാഗരാജ നടയിലെത്തിയത്. കാണിക്കവഞ്ചിയിലുണ്ടായിരുന്ന നാണയം ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്.

കറന്‍സി നോട്ടുകളും മറ്റ് വഴിപാട് ഉരുപ്പടികളും മാത്രമാകാം ഇവര്‍ കൊണ്ടുപോയത്. ചാക്കിന്റെ വലിപ്പവും ഭാരവും ഒപ്പം നാണയം മാറുന്നതിലെ പ്രയാസവുമാകാം ഇത് ഉപേക്ഷിക്കാന്‍ കാരണമായി കരുതുന്നത്. ഇവിടെ നിന്നും കിഴക്ക്, പടിഞ്ഞാറേ നടകള്‍ ഒഴിവാക്കി ചെറുകോല്‍പ്പുഴ- റാന്നി റോഡിലേക്കുള്ള ചെറിയ വഴിയിലൂടെയാണ് മോഷ്ടക്കള്‍ മടങ്ങിയിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ സിസിടിവികള്‍ ഇല്ല എന്നതാകാം ഇതിനു കാരണം.

മോഷണ വിവരം അറിഞ്ഞതോടേ ക്ഷേത്രത്തിലെ പൂജകളും മുടങ്ങി. വെള്ളിയാഴ്ച ആയിരുന്നതിനാല്‍ വലിയ തോതില്‍ ഭക്തരും എത്തിയിരുന്നു. തിരുവാഭരണത്തിന്റെ ശബരിമല യാത്രയില്‍ ആദ്യദിനം തങ്ങുന്ന പുതിയകാവ് ദേവി ക്ഷേത്രത്തില്‍ ആകെ 12 ജീവനക്കാരാണ് ഉണ്ടാകേണ്ടത്.

എന്നാല്‍, മേല്‍ശാന്തി ഉള്‍പ്പടെ മൂന്ന് സ്ഥിരം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതിനാല്‍ രാത്രി കാവലിന് ആളില്ല. സിസി ടിവി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. ഇതെല്ലാം പഠിച്ച കള്ളന്‍ തന്നെയാകും മോഷണം നടത്തിയതെന്ന വിശ്വാസമാണ് ഭക്തര്‍ പങ്കുവയ്ക്കുന്നത്. ജീവനക്കാരുടെ കുറവ് നികത്തണമെന്ന് ആവശ്യപ്പെട്ട് കവിയൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: