തിരുവനന്തപുരം: കെ റെയിലിന് ബദലായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. പുതിയ പദ്ധതിയുടെ നിര്‍മാണ ചുമതല ഇന്ത്യന്‍ റെയില്‍വേ ഏറ്റെടുക്കുന്നതാണ് നല്ലത്. ഡിഎംആര്‍സി ഏറ്റെടുത്താലും തെറ്റില്ലെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഉപകാരപ്പെടുന്ന എന്തുചെയ്യാനും തയ്യാര്‍. അതില്‍ രാഷ്ട്രീയമില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
കെ റെയിലിന്റെ പ്രോജക്ട് റിപ്പോര്‍ട്ടിന് ഇതുവരെ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിക്കുമെന്ന് തോന്നുന്നുമില്ല. നിലവിലെ രൂപത്തില്‍ കെ റെയില്‍ നടപ്പാക്കാന്‍ സാധിക്കില്ല. പല കാരണങ്ങള്‍ ഉണ്ട്. നാട്ടുകാരുടെ എതിര്‍പ്പ്, പരിസ്ഥിതി ആഘാതം, ചെലവ് എന്നിവ കാരണം ഇതിന് അപ്രൂവല്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും ശ്രീധരന്‍ പറഞ്ഞു. ഇതിന് ബദലായി അര്‍ധ- അതിവേഗ റെയിലിനാണ് കേരളത്തില്‍ സാധ്യത. നിലവിലെ ഗതാഗത കുരുക്കും അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതും കണക്കിലെടുത്ത് ഇത് കേരളത്തിന് അനിവാര്യമാണ്. ഇപ്പോഴുള്ള റെയില്‍വേ ലൈന്‍ പരമാവധിയില്‍ എത്തിയതായും ഇ ശ്രീധരന്‍ പറഞ്ഞു.
നിര്‍ദിഷ്ട കെ റെയില്‍ പദ്ധതി നിലത്തുകൂടിയാണ് പോകുന്നത്. പകരം തൂണിലോ, ഭൂമിക്കടിയിലൂടെയോ പോകുന്ന തരത്തില്‍ അര്‍ധ- അതിവേഗ പാത വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. പാത കടന്നുപോകുന്നത് എലിവേറ്റഡ് രൂപത്തിലാണെങ്കില്‍ കുറച്ച് സ്ഥലം മതി. ഭൂമിക്കടിയിലൂടെയാണെങ്കില്‍ ഒട്ടും സ്ഥലം വേണ്ടി വരില്ല. കെ റെയിലിനെ അപേക്ഷിച്ച് 20 ശതമാനം ഭൂമി മാത്രമേ എലിവേറ്റഡിന് വേണ്ടി വരൂ. ഇതില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സ്ഥലത്തിന്റെ നല്ലൊരുഭാഗം ഉടമകള്‍ക്ക് തന്നെ തിരിച്ചുകൊടുക്കാനും സാധിക്കും. അങ്ങനെ വന്നാല്‍ സ്ഥലമുടമകളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കും. തന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചാല്‍ കേന്ദ്രാനുമതി ലഭിക്കാന്‍ സഹായിക്കാമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
എലിവേറ്റഡ് ആണെങ്കില്‍ 20 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ ഈ ഏറ്റെടുത്ത സ്ഥലം നിര്‍മ്മാണ സമയത്ത് മാത്രം മതി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ നല്ലൊരു ഭാഗം ഉടമകള്‍ക്ക് തന്നെ മടക്കി നല്‍കാന്‍ സാധിക്കും. എന്നാല്‍ അതിവേഗ പാത കടന്നുപോകുന്ന സ്ഥലത്തിന് അരികില്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍, വലിയ വൃക്ഷങ്ങള്‍ എന്നിവ പാടില്ലെന്ന് മാത്രം. അതുകൊണ്ട് സാധാരണക്കാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയരാനുള്ള സാധ്യത കുറവായിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ഹൈ സ്പീഡ് റെയില്‍ വരുന്നുണ്ട്. അത് മുന്നില്‍ കണ്ട് വേണം അര്‍ധ അതിവേഗ പാതയ്ക്ക് രൂപം നല്‍കാന്‍. ഭാവിയില്‍ ഹൈ സ്പീഡ് റെയിലിലേക്ക് മാറാന്‍ സാധിക്കുന്നവിധമായിരിക്കണം നിര്‍മ്മാണം. അതായത് ബ്രോഡ് ഗേജിലാണ് അര്‍ധ അതിവേഗ പാതയെങ്കില്‍ ഭാവിയില്‍ ഹൈ സ്പീഡ് വന്നാലും കുഴപ്പമില്ല. ഹൈ സ്പീഡ് വരുന്നത് ബ്രോഡ് ഗേജിലാണെന്നും ശ്രീധരന്‍ പറഞ്ഞു.