KeralaNEWS

പച്ചക്കറികൾക്ക് പല വില; നടപടി കടുപ്പിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ ഇനത്തില്‍പ്പെട്ട സാധനങ്ങള്‍ക്ക് പല വില ഈടാക്കുന്നതിനെതിരെ നടപടി കടുപ്പിച്ച്‌ സര്‍ക്കാര്‍.
ഇതിനെ തുടര്‍ന്ന് എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാനും, ഗുണനിലവാര പരിശോധന ഉറപ്പുവരുത്താനും അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, കാര്യക്ഷമമായ ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താൻ വിവിധ വകുപ്പുകള്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും നിർദേശമുണ്ട്.ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലും വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നതാണ്.
അതേസമയം തക്കാളിയടക്കം പച്ചക്കറികളുടെ വില റോക്കറ്റ് പോലെ കേറിയതോടെ സംസ്ഥാനത്ത് നട്ടം തിരിഞ്ഞ് ജനങ്ങള്‍. തക്കളിയും പച്ചമുളകും ഇഞ്ചിയുമെല്ലാം തൊട്ടാല്‍ പൊള്ളുമെന്ന നിലയിലാണ്.
വിലക്കയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച്‌ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിലക്കയറ്റ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് തീരുമാനം.

Back to top button
error: