ഇടുക്കി: വണ്ടിപ്പെരിയാറിൽ യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വണ്ടിപ്പെരിയാര്‍ സ്വദേശിനിയായ ശ്രീദേവി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ആത്മഹത്യ സുഹൃത്തിന്റെയും ഭാര്യയുടെയും ഭീഷണിയെ തുടർന്നാണെന്ന ആരോപണവുമായി ഭർത്താവും ബന്ധുക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
വണ്ടിപ്പെരിയാർ സ്വദേശിനിയായ ശ്രീദേവിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇക്കഴിഞ്ഞ ഒന്നാം തീയതിയിരുന്നു. സ്വന്തം വീട്ടിലാണ് ശ്രീദേവിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായിൽ ഭർത്താവിൻ്റെ വീട്ടിലായിരുന്നു ശ്രീദേവിയും രണ്ടു മക്കളും താമസിച്ചിരുന്നത്.സംഭവ ദിവസം ഉച്ചക്ക് സ്വന്തം വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്.
ശ്രീദേവി സ്വന്തം വീട്ടില്‍ വരുന്ന അവസരങ്ങളിൽ സുഹൃത്തായ ഓട്ടോ ഡ്രൈവർ പ്രമോദിൻ്റെ വാഹനമാണ് വിളിച്ചിരുന്നത്.ഇതിനിടെ പ്രമോദ് പലപ്പോഴായി ശ്രീദേവിയില്‍ നിന്നും പണം കടം വാങ്ങിയിരുന്നതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഈ പണം അയാൾ തിരിച്ച് കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം സ്വര്‍ണം പണയം വെച്ച് ഒരു ലക്ഷത്തി എഴുപതിനായരും രൂപ ശ്രീദേവി എടുത്തിരുന്നു. എന്നാല്‍ ഈ പണം വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ ഇല്ലെന്നാണ് വിവരം. ശ്രീദേവി സ്വർണ്ണം പണയം വച്ച പണമെടുത്ത് പ്രമോദിന് നൽകിയിരിക്കാമെന്നാണ് ഭർത്താവും ബന്ധുക്കളും സംശയിക്കുന്നത്. മാത്രമല്ല ശ്രീദേവി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രമോദ് ഒളിവില്‍ പോകുകയും ചെയ്തിട്ടുണ്ട്.
പ്രമോദിൻ്റെ ഭാര്യ സ്മിത വിദേശത്താണ്. ഇവർ ഭർത്താവിന്റെയും ശ്രീദേവിയുടെയും ബന്ധത്തെ ചൊല്ലി ഫോണിൽ കൂടി ശ്രീദേവിയുമായി വഴക്കുണ്ടാക്കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.അന്വേഷണത്തിൻ്റെ ഭാഗമായി ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന് നും ഉടൻതന്നെ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.