കോട്ടയം: സംസ്ഥാനത്ത് ഇഞ്ചി വില മുന്നൂറ് കടന്നു. ഉള്ളി വില 190 കടന്ന് മുന്നോട്ട് കുതിക്കുമ്പോൾ തക്കാളി വില വീണ്ടും ഉയർന്ന് 140-ൽ എത്തി.
ഇഞ്ചിക്ക് മൊത്തവ്യാപാര വില 270 രൂപയാണെങ്കിലും ചില്ലറവിൽപനശാലകളിൽ പല വിലയാണ്. 300 മുതൽ 340 രൂപ വരെ പലരും ഈടാക്കുന്നുണ്ട്.രണ്ടാഴ്ച മുൻപ് മൊത്തവില 63 രൂപയായിരുന്ന ഉള്ളി ദിവസങ്ങൾക്കുള്ളിൽ 200ന് അടുത്തെത്തി.വെളുത്തുള്ളി വിലയും രണ്ടാഴ്ചയ്ക്കുള്ളിൽ 150ൽ എത്തി.
കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് പച്ചക്കറികൾക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്.പലയിടങ്ങളി ലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ കൃഷിനാശവുമുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍ ഗതാഗതം തടസപ്പെട്ടതോടെയും വെള്ളം കയറി നശിക്കുന്ന അവസ്ഥയുമുണ്ടായി.
തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി എത്തിച്ചിട്ടും ഫലമുണ്ടായിട്ടില്ല. പൊതുവിപണിയില്‍ നിന്ന് പത്ത് രൂപ മുതല്‍ 50 രൂപവരെ വില കുറച്ചായിരുന്നു ഹോര്‍ട്ടികോര്‍പ്പ് സാധനങ്ങള്‍ വിറ്റിരുന്നത്. ഇതരസംസ്ഥാനങ്ങളിലെ അപ്രതീക്ഷിത മഴയും വെള്ളപ്പൊക്കവും കാര്യങ്ങള്‍ താളം തെറ്റിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നുണ്ടെങ്കിലും സാഹചര്യം മുതലാക്കി പൂഴ്ത്തിവയ്പ്പ് നടക്കുന്നുണ്ടോയെന്നാണ് സംശയം.