ഇന്ന് ലോക ജനസംഖ്യാ ദിനം. 1987 ജൂലൈ 11നാണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ജനസംഖ്യ 1100 കോടിയിലെത്തും എന്ന് വിദഗ്ധർ പറയുന്നു. ‘ലിംഗ സമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക, ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക എന്നതാണ് ഈ വർഷത്തെ ജനസംഖ്യ ദിന സന്ദേശം. ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അനന്തരഫലങ്ങൾ എന്നിവയെ കുറിച്ച് വ്യക്തികളിൽ അവബോധം വളർത്തുന്നതിനും ബോധവത്കരിക്കുന്നതിനുമാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.
ജനങ്ങളുടെ ജീവിത പുരോഗതിക്കായി സജീവമായി പരിശ്രമിക്കാനും നല്ല മാറ്റങ്ങൾ സൃഷ്ടിക്കാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദിനം. എല്ലാവർക്കും തുല്യ അവസരങ്ങളും പരിധിയില്ലാത്ത സാധ്യതകളും ഉള്ള ഒരു ഭാവി സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം ജനസംഖ്യാ നിയന്ത്രണ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്.
കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കുന്നു. എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. മാത്രമല്ല കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളര്‍ത്തുവാനും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും സാധിക്കുന്നു. അതിലൂടെ ഭാവിയില്‍ ആ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും പുരോഗതിക്ക് കാരണമാകുകയും ചെയ്യുന്നു.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണം. താല്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളായ കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും മറ്റ് ആശുപത്രികളില്‍ നിന്നും ലഭ്യമാണ്. കോപ്പര്‍ട്ടി നിക്ഷേപിക്കുവാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണ്.
ഭാവിയില്‍ ഇനി കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്തവര്‍ക്ക് സ്ഥിരമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഇതിനായി ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വാസക്ടമിയുമാണ് നിലവിലുള്ളത്. പുരുഷന്‍മാരില്‍ നടത്തുന്ന നോസ് കാല്‍പല്‍ വാസക്ടമി വളരെ ലളിതവും വേദനരഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്.
ഈ ശസ്ത്രക്രിയകള്‍ താലൂക്ക്, ജില്ലാ ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.
ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ലോക ജനസംഖ്യാദിനം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം ഗവ. ലോ കോളജില്‍ വച്ച് നടക്കും.