IndiaNEWS

വിജയ് ഫാന്‍സ് അസോസിയേഷന്‍ യോഗം രാവിലെ; രാഷ്ട്രീയപ്രവേശനത്തില്‍ ഇന്ന് നിലപാട് വ്യക്തമാക്കും?

ചെന്നൈ: രാഷ്ട്രീയ പ്രവേശന സൂചനകള്‍ക്കിടെ തമിഴ് സൂപ്പര്‍ താരം വിജയ്, ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ വിജയ്യുടെ വീട്ടില്‍ വച്ചാണ് യോഗം. അടുത്തിടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍തല വിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കിയുള്ള വാചകങ്ങള്‍ വിജയ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനോടു ചേര്‍ത്താണ് ഇന്നത്തെ യോഗത്തിന്റെ വിവരങ്ങളും പുറത്തുവരുന്നത്.

ഫാന്‍സ് അസോസിയേഷന്‍ ആയ തളപതി വിജയ് മക്കള്‍ ഇയക്കം (ടിവിഎംഐ) പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ അവസാന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 169 അംഗങ്ങള്‍ മത്സരിച്ചതില്‍ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനു മുന്‍പ് കളം അറിയാന്‍ നടത്തിയ പരീക്ഷണമാണിതെന്നാണ് സൂചന.

Signature-ad

അതേസമയം, പൊതുവില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്‌തെങ്കിലും തമിഴ് ജനതയുടെ വോട്ട് തളപതി എത്രത്തോളം കൊണ്ടുപോകുമെന്ന ഭീതി എല്ലാവര്‍ക്കുമുണ്ട്. ജയലളിതയുടെ വിയോഗത്തോടെ അണ്ണാ ഡിഎംകെ ഏതാണ്ട് അപ്രധാനമായ മട്ടാണ്. എം. കരുണാനിധി മരിച്ചെങ്കിലും മകന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച രീതിയില്‍ മുന്നോട്ടുപോകുകയും ചെയ്യുന്നു.

അതേസമയം, പലവട്ടം സൂചനകള്‍ നല്‍കിയെങ്കിലും രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് കൃത്യമായ നിലപാട് അറിയിക്കാന്‍ വിജയ് ഇതുവരെ തയാറായിട്ടില്ല. ഇന്നത്തെ യോഗത്തിനുശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

 

Back to top button
error: