രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മാരകമായ രോഗങ്ങൾക്ക് കാരണമാകാം: അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ
നൈറ്റ് ലൈഫ് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നിട്ടുണ്ട് ഇപ്പോൾ. തത്ഫലമായി രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും ഇന്ന് ഫാഷനാക്കിയിരിക്കുന്നു. എന്നാൽ ഈ ശീലം ആരോഗ്യത്തിന് പല വിധത്തിലുള്ള തകരാറുകൾ ഉണ്ടാക്കും. അപൂർവ്വമായി വൈകി ഭക്ഷണം കഴിക്കുകയാണെങ്കിൽ അതിൽ പ്രശ്നമില്ല, എന്നാൽ ഇത് ശീലമാക്കിയിട്ടുണ്ടെങ്കിൽ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്, കാരണം ഉറങ്ങുന്നതിനും ഭക്ഷണത്തിനും ഇടയിൽ രണ്ട് മണിക്കൂർ ഇടവേള ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
വൈകി ഭക്ഷണം കഴിക്കുകയോ കഴിച്ചയുടനെ ഉറങ്ങുകയോ ചെയ്താൽ ഭക്ഷണം ശരിയായി ദഹിക്കുന്നില്ലെങ്കിൽ ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും അത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ദഹനം മുതൽ ആരോഗ്യകരമായ ശരീരഭാരം വരെയുള്ള എല്ലാത്തിനും ഭക്ഷണം കഴിക്കുന്ന സമയം പ്രധാനമാണ്.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. വൈകി ഭക്ഷണം കഴിക്കുന്ന ശീലം രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ പ്രശ്നം വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. കൂടാതെ വൈകി ഭക്ഷണം കഴിക്കുന്നവരിൽ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളായ ലെപ്റ്റിൻ, ഗ്രെലിൻ എന്നിവയെ ബാധിക്കുമെന്ന് പഠനഫലങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് ദോഷങ്ങൾ
ശരീരഭാരം
ഇന്നത്തെ കാലത്ത് അമിതവണ്ണമാണ് യുവത്വത്തെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്, ജിമ്മിൽ വ്യായാമം ചെയ്തിട്ടും പൊണ്ണത്തടി കുറയുന്നില്ല. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മൂലം ശരീരഭാരം വർധിക്കുന്ന പ്രശ്നം വളരെ സാധാരണമാണ്. യഥാർത്ഥത്തിൽ, കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതിനാൽ ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. ഇതുമൂലം കഴിക്കുന്ന കലോറികൾ ശരിയായി എരിച്ച് കളയാതെ ശരീരത്തിൽ കൊഴുപ്പ് കൂടാൻ തുടങ്ങുന്നു. അത്താഴത്തിന് ശേഷം യാതൊരു പ്രവർത്തനവും ഇല്ലെങ്കിൽപ്പോലും ഭക്ഷണത്തിനും ഉറക്കത്തിനും ഇടയിൽ രണ്ട് മണിക്കൂർ ഇടവേള വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
രക്തസമ്മർദത്തിനുള്ള സാധ്യത
വിദഗ്ധരുടെ അഭിപ്രായത്തിൽ, വൈകി ഭക്ഷണം കഴിക്കുന്നത് പ്രമേഹം, ബിപി, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ശീലമായാൽ ശരീര ഭാരം വർധിക്കുകയും രക്തത്തിലെ പഞ്ചസാര അനിയന്ത്രിതമായി തുടരുകയും ചെയ്യും. ഇക്കാരണത്താൽ, രക്തസമ്മർദവും ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.
ദഹനം
രാത്രി വൈകി ഭക്ഷണം കഴിച്ച് നേരെ ഉറങ്ങാൻ പോകുകയാണ് മിക്കവരും ചെയ്യാറുള്ളത്. അങ്ങനെയുള്ള സാഹചര്യത്തിൽ അസിഡിറ്റി, വയറു വീർപ്പ് തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകാം. ഭക്ഷണം കഴിച്ചതിന് ശേഷം ഒരു പ്രവർത്തനവും ചെയ്യാത്തതിനാൽ ദഹിക്കാൻ സമയമെടുക്കും. ഇത് നിങ്ങളുടെ ദഹനത്തെ ബാധിക്കുകയാണ് ചെയ്യുന്നത്.
കുറഞ്ഞ ഊർജ നില
രാത്രി വൈകി ഭക്ഷണം കഴിച്ചാൽ, രണ്ടാം ദിവസം നിങ്ങൾക്ക് മലബന്ധം, തലവേദന, മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ തുടങ്ങും, ഇത് നിങ്ങളുടെ ഊർജ നില കുറയ്ക്കുന്നു.
ഉറക്കക്കുറവ്
രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഉറക്കമില്ലായ്മയ്ക്കും കാരണമാകും. രാത്രിയിൽ എളുപ്പത്തിൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് ആളുകൾ പലപ്പോഴും പരാതിപ്പെടുന്നു. വൈകി ഭക്ഷണം കഴിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വൈകി ഭക്ഷണം കഴിക്കുന്നത് മൂലം ശരീരത്തിന് ശരിയായി ദഹിപ്പിക്കാൻ കഴിയില്ല, അതിനാൽ ഉറക്കക്കുറവ് ഉണ്ടാകാം.
തലച്ചോറിന് ഹാനികരം
രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിന്റെ ഫലം തലച്ചോറിന് വളരെ ദോഷകരമാണ്. രാത്രിയിൽ ഉറക്കമില്ലായ്മയും വയറുമായി ബന്ധപ്പെട്ട മറ്റ് പല പ്രശ്നങ്ങളും കാരണം, അത് അടുത്ത ദിവസത്തെ ഏകാഗ്രതയെയും ഓർമയെയും ബാധിക്കും.