മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്‍റെ നാലാം തൂണാണെന്ന് നിരീക്ഷിച്ച കേരള ഹൈക്കോടതി, നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുതെന്ന് ഉത്തരവിട്ടു. മാധ്യമപ്രവര്‍ത്തകന്‍ ജി വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. വിശാഖന്‍റെ ഫോണ്‍ ഉടൻ വിട്ടുനൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കേസിൽ പ്രതിയല്ലാത്തയാളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് ബെഞ്ച് ചോദിച്ചു. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനേം. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. കേസിൽ അന്വേഷണം നടത്താം, എന്നാൽ പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കും…? എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈലുകൾ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു.
കേസിലെ പ്രതിയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിധിയിൽ പറയുന്നു. കഴിഞ്ഞയാഴ്ച കെയുഡബ്ല്യുജെ പത്തനംതിട്ട ജില്ലാ എക്സിക്യൂടീവ് അംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.